വിവാദമൊഴിയാതെ കണ്ണൂർ സെൻട്രൽ ജയിൽ; വീണ്ടും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ
text_fieldsകണ്ണൂർ സെൻട്രൽ ജയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. ഇന്നലെ വൈകിട്ട് പതിവ് പരിശോധനക്കിടെ 10ാം നമ്പർ ബ്ലോക്കിനു മുന്നിൽ കല്ലിനടിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജയിലിനുള്ളിൽ തടവുകാർക്ക് ഫോണുകൾ ലഭ്യമാകുന്നതിനെക്കുറിച്ച് മുന്നേ തന്നെ വ്യാപക പരാതികൾ ഉള്ളതാണ്. ഇതാദ്യമായല്ല മൊബൈൽ ഫോണുകൾ ജയിലിൽ നിന്ന് പിടികൂടുന്നത്. എന്നാൽ ഇത് ആരാണ് ഉപയോഗിക്കുന്നതെന്നതിനെ ചൊല്ലി കാര്യമായ അന്വേഷണങ്ങൾ ഉണ്ടായില്ല.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെതുടർന്ന് ജാഗ്രത തുടരുന്നതിനിടെയാണ് നിലവിലെ സംഭവവും. ആരുടെയം സഹായമില്ലാതെയാണ് താൻ ജയിൽ ചാടിയതെന്ന ഇയാളുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒപ്പം ജയിൽ ചാട്ടത്തിന് 10 മാസം തയാറെടുപ്പ് നടത്തിയത് അധികൃതർ അറിഞ്ഞിട്ടില്ലെന്ന് പറയുന്നതും ദുരൂഹത വർധപ്പിക്കുന്നു.
ജയിലിൽ ലഹരിവസ്തുക്കൾ സുലഭമാണെന്ന് ഗോവിന്ദച്ചാമി പൊലീസിനു മൊഴി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. ജയിൽച്ചാട്ടത്തിനെ തുടർന്ന് കേരളത്തിലെ 4 പ്രധാന ജയിലുകളിൽ ഇലക്ട്രിക് വേലികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
മുമ്പ് ടി.പി ചന്ദ്ര ശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വാർത്തകളും പുറത്തു വന്നിരുന്നു. ആരോപണങ്ങൾ ശെരിവെക്കുന്ന രീതിയിലുള്ള വാർത്തകളാണ് ജയിലിൽ നിന്ന് നിലവിൽ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

