വാഹന രേഖകളിലെ മൊബൈൽ അപ്ഡേഷൻ: പ്രവാസികൾക്ക് പുതിയ ക്രമീകരണം
text_fieldsതിരുവനന്തപുരം: പരിവാഹൻ പോർട്ടലിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശത്ത് താമസിക്കുന്ന വാഹന ഉടമകൾക്ക് ആശ്വാസകരമായ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. വിദേശത്തുള്ള വാഹന ഉടമകൾക്ക് ആധാറുമായി സ്വന്തം മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ നേരിട്ട അവ്യക്തതകൾ പരിഹരിച്ചാണ് പുതിയ ഉത്തരവ്.
വിദേശത്തുള്ളവർക്ക് ആധാറുമായി സ്വന്തം മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ സാഹചര്യമില്ലെങ്കിൽ, നിയമപരമായി മറ്റൊരാൾക്ക് ‘പവർ ഓഫ് അറ്റോണി’ നൽകി ഇദ്ദേഹത്തിന്റെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാമെന്നതാണ് ഇതിലൊന്ന്. പവർ ഓഫ് അറ്റോണി ലഭ്യമല്ലെങ്കിൽ, വാഹനത്തിന്റെ ആർ.സിയിൽ രേഖപ്പെടുത്തിയ നോമിനി നിലവിൽ ഇന്ത്യയിൽ താമസിക്കുന്നയാളാണെങ്കിൽ, നോമിനിയുടെ ആധാർ പ്രകാരമുള്ള മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാം. അപേക്ഷകരുടെ പവർ ഓഫ് അറ്റോണി, നോമിനി രേഖകൾ എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ടശേഷമേ മൊബൈൽ നമ്പർ അപ്ഡേഷൻ പൂർത്തിയാക്കാൻ പാടുള്ളൂവെന്നാണ് നിർദേശം.
ആധാറിലെയും മോട്ടോർ വാഹന വകുപ്പ് രേഖകളിലെയും പേരുവിവരങ്ങളിലെ പൊരുത്തക്കേട് മൂലം വാഹന സേവനങ്ങളിൽ തടസ്സമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. ആധാറിലെ പേരുവിവരങ്ങളും വാഹൻ സോഫ്റ്റ്വെയറിലെ വിവരങ്ങളും തമ്മിൽ 50 ശതമാനമെങ്കിലും പൊരുത്തമുണ്ടെങ്കിൽ, ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഓഫിസിൽ നേരിട്ടെത്താതെ ഓട്ടോ-അപ്രൂവൽ സംവിധാനം വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാമെന്നതാണ് ഇതിന് പരിഹാര നിർദേശം.
ഓട്ടോ-അപ്രൂവൽ സാധ്യമാകാത്തതോ പേരിലെ പൊരുത്തം 50 ശതമാനത്തിൽ താഴെയായതോ ആയ സാഹചര്യങ്ങളിൽ, പോർട്ടൽ വഴി രേഖകൾ അപ്ലോഡ് ചെയ്ത് ‘മൊബൈൽ നമ്പർ വെരിഫിക്കേഷൻ’ എന്ന ഓപ്ഷനിലൂടെ അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ അപേക്ഷിക്കുമ്പോൾ ഓട്ടോ-അപ്രൂവൽ സമയത്ത് ലഭിച്ച പൊരുത്ത ശതമാനം 50 ശതമാനത്തിൽ താഴെയാണെന്ന് വ്യക്തമാക്കുന്ന വിധം സ്ക്രീൻഷോട്ടെടുത്ത് രേഖകൾക്കൊപ്പം അപ്ലോഡ് ചെയ്യണം.
വാഹന ഉടമ മരിക്കുകയും തുടർന്ന് നോമിനിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ നോമിനിയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ പോർട്ടലിലെ ‘ഡോക്യുമെന്റ് അപ്ലോഡ്’ ഓപ്ഷൻ മുഖേന ഉടമയുടെ മരണ സർട്ടിഫിക്കറ്റും നോമിനിയാണെന്ന് തെളിയിക്കുന്ന രേഖയും ഓൺലൈനായി അപ്ലോഡ് ചെയ്യണം.

