പുണെയിൽനിന്ന് മൊബൈൽ ലാബ് എത്തി; നിപ ഫലം ഇനി മെഡി. കോളജിൽനിന്ന്; ഒരേസമയം 96 സാമ്പിളുകള്‍ പരിശോധിക്കാം
text_fieldsകോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് വൈറോളജി (എൻ.ഐ.വി) പുണെയിൽ നിന്നുള്ള മൊബൈൽ ലാബ് കോഴിക്കോട്ട് എത്തി. ബയോ സേഫ്റ്റി ലെവൽ -3 (ബി.എസ്.എൽ -3) സൗകര്യങ്ങളോടുകൂടിയ മൊബൈൽ യൂനിറ്റാണ് നിപ സാമ്പ്ൾ പരിശോധനക്ക് മെഡിക്കൽ കോളജിൽ സജ്ജീകരിച്ചത്.
ഇതോടെ രോഗികളിൽ നിന്നുള്ള സ്രവം പുണെയിലേക്ക് അയക്കാതെ കോഴിക്കോട്ടുതന്നെ പരിശോധിച്ച് നിപ സ്ഥിരീകരിക്കാൻ സാധിക്കും. ഒരേസമയം 96 സാമ്പിളുകള്‍ വരെ മൊബൈല്‍ ലാബിൽ പരിശോധിക്കാൻ കഴിയും. മൂന്ന് മണിക്കൂറിനുള്ളില്‍ പരിശോധനഫലം ലഭിക്കും. വൈറല്‍ എക്‌സ്ട്രാക്ഷന്‍, റിയല്‍ ടൈം പി.സി.ആര്‍ എന്നിവ ഈ ലാബില്‍ ചെയ്യാന്‍ കഴിയും. നിലവിൽ നിപ സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുക.
മൊബൈൽ യൂനിറ്റിൽ ഡോ. റിമ ആർ. സഹായി, ഡോ. കണ്ണൻ ശബരിനാഥ്, ഡോ. ദീപക് പാട്ടീൽ എന്നീ സയന്‍റിസ്റ്റുമാരും നാല് ടെക്‌നീഷന്മാരുമാണുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ബി.എസ്.എൽ -2 ലാബിലെ പരിശോധനയിൽ നിപ കണ്ടെത്താൻ കഴിയുമെങ്കിലും സ്ഥിരീകരിക്കാൻ കഴിയുമായിരുന്നില്ല. പുണെയിലെത്തിച്ച് ഫലം സ്ഥിരീകരിക്കാൻ കാലതാമസമെടുക്കുന്നത് രോഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുകയും ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു.
രോഗനിര്‍ണയത്തിന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ബി.എസ്.എല്‍ -2 മൊബൈല്‍ ലാബും വെള്ളിയാഴ്ച കോഴിക്കോട്ട് എത്തും. ഇതിന്‍റെ ഫ്ലാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

