മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; ചികിത്സയിലിരുന്നയാൾ മരിച്ചു
text_fieldsആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചതിനെതുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മംഗലപുരം വേങ്ങോട് മണലകം തടത്തുവിളാകം വീട്ടിൽ തുളസി എന്ന ചന്ദ്രനാണ് (50) മരിച്ചത്. മേയ് 28ന് പെരുങ്ങുഴി മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിനു സമീപത്ത് രാത്രി 12 ഓടെ പാത്രങ്ങളുമായി സംശയകരമായ സാഹചര്യത്തിൽ കണ്ട ചന്ദ്രനെ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സമീപത്തെ മണിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പറഞ്ഞ ചന്ദ്രനെ നാട്ടുകാർ കെട്ടിയിടുകയും ചിറയിന്‍കീഴ് പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോൾ ചന്ദ്രൻ അവശനിലയിലായിരുന്നു. രാത്രിയോടെ ചന്ദ്രനെ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടർന്ന് മെഡിക്കല്‍ എടുക്കുകയും ചെയ്തു. 29ന് വൈകീട്ട് ഇടയ്‌ക്കോട് താമസിക്കുന്ന സഹോദരൻ ശാന്തിയെ പൊലീസ് വിവരമറിയിച്ചു. ശാന്തിയും ബന്ധുവും കൂടി സ്‌റ്റേഷനില്‍ എത്തി ചന്ദ്രനെ വീട്ടില്‍ കൊണ്ടുപോയി. സംഭവ ശേഷം ആഹാരം കഴിക്കാന്‍ സാധിക്കാതെ അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് വേങ്ങോട് പി.എച്ച്.സിയിൽ ചന്ദ്രനെ എത്തിച്ചു.
തുടർന്ന് രാത്രി ഒമ്പതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിപ്പിച്ച ചന്ദ്രൻ 10ഓടെ മരിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍, കുടലില്‍ പൊട്ടൽ ഉണ്ടായതായും അണുബാധയുണ്ടായതായും കണ്ടെത്തിയിരുന്നു. ചന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. 28ന് നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. അന്ന് പാത്രങ്ങൾ തിരിച്ചുകിട്ടിയാൽ മതിയെന്നും മറ്റു പരാതി ഇല്ലെന്നും വീട്ടുടമ അറിയിച്ചിരുന്നു.
12 വർഷം മുമ്പ് കുടലിൽ അൾസർ വന്നതിനെ തുടർന്ന് ചന്ദ്രൻ മേജർ ശസ്ത്രക്രിയക്കു വിധേയനായിട്ടുണ്ട്. മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ചന്ദ്രന്‍റെ സഹോദരൻ മുദാക്കൽ ഊരുപൊയ്ക വിളയിൽ വീട്ടിൽ ശാന്തി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

