ഘടകകക്ഷികൾക്ക് വലിയ റോളില്ല, കോൺഗ്രസിന്‍റെ ലീഡർ ആരെന്ന് പാർട്ടി തീരുമാനിക്കുമെന്നും എം.എം. ഹസൻ
text_fieldsന്യൂഡൽഹി: കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് വലിയ റോളില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാമെന്നും അവരോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിനടക്കം കടുത്ത അതൃപ്തിയുണ്ടെല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഹസനടക്കം കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരെ ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ന് കേരള നേതാക്കളെ ഹൈകമാൻഡ് കാണും. ‘ഹൈകമാൻഡിന് എപ്പോഴും എല്ലാവരെയും വിളിക്കാം, സംസാരിക്കാം. അതിന്‍റെ ഭാഗമായി മുൻ പ്രസിഡന്‍റുമാരായ ഞങ്ങളെ വിളിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധി വന്നുകഴിഞ്ഞാൽ സ്വഭാവികമായും ഒരാഴ്ചക്കുള്ളിലാണ് കോൺഗ്രസ് ലീഡറാരാണെന്നും മുഖ്യമന്ത്രിയാരാണെന്നും തീരുമാനിക്കുന്നത്. അധികം സമയം വൈകിയിട്ടില്ല, ഇനി ഒട്ടും വൈകാൻ പാടില്ല. യു.ഡി.എഫിനെ സംബന്ധിച്ച്, കോൺഗ്രസിനെ സംബന്ധിച്ച് ഒരു നടപടിക്രമമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരോട് അഭിപ്രായം ചോദിച്ചു. ഇപ്പോൾ ഞങ്ങളെയെല്ലാം വിളിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈകമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും’ -ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്‍റെ ലീഡർ ആരെന്നത് കോൺഗ്രസ് പാർട്ടിയാണ് തീരുമാനിക്കുക. ഘടകക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാം. അവരോട് അഭിപ്രായം ചോദിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. മത്സരിക്കാത്ത ആളുടെ പേര് ഇതിനു മുമ്പും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞ ഹസൻ, ഇതൊക്കെ കോൺഗ്രസ് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതാണെന്നും ഹൈകമാൻഡ് എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്നും പറഞ്ഞു. നേരത്തെ, കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. പിന്നാലെ മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി രംഗത്തെത്തി. അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്നായിരുന്നു ഉണ്ണിത്താന്‍റെ പരിഹാസം. കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരും വർക്കിങ് പ്രസിഡന്റുമാരുമടക്കം മുതിർന്ന നേതാക്കളെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, , പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നികൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. എം.എൽ.എമാരുടെ എണ്ണം മാനദണ്ഡമാക്കിയുള്ള മുഖ്യമന്ത്രി നിർണയമെന്ന കീഴ്വഴക്കത്തിൽ നിന്ന് ഹൈകമാൻഡ് മറ്റ് ഘടകങ്ങൾ കൂടി പരിഗണിക്കുന്നുവെന്നതാണ് മുതിർന്ന നേതാക്കളെ കേൾക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നത്. സോണിയ ഗാന്ധി, എ.കെ ആന്‍റണിയുമായി ഇതിനകം ആശയവിനിമയം നടത്തിയെന്നാണ് വിവരം. ഘടകകക്ഷി നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്. ഇതോടെ വൈകീട്ടോ ബുധനാഴ്ചയോ പ്രഖ്യാപനം വന്നേക്കും.
ജനവിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ വലിയ അതൃപ്തിയിലാണ് മുസ്ലിംലീഗ്. ഇക്കാര്യം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് പരസ്യമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

