‘വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അംഗീകരിക്കില്ല’; കേസെടുത്തതിനെ അപലപിച്ച് നജീബ് കാന്തപുരം എം.എൽ.എ
text_fieldsകോഴിക്കോട്: വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയും വർഗീയത പ്രചരിപ്പിക്കുന്നവരുടെ മുഖംമൂടി തുറന്നു കാണിക്കുകയും ചെയ്തതിന്റെ പേരിൽ ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ.
ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ബാസിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുന്നത്. വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വക്രീകരിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്നാണ് അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവായ ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയും, വർഗീയത പ്രചരിപ്പിക്കുന്നവരുടെ മുഖംമൂടി തുറന്നു കാണിക്കുകയും ചെയ്തതിന്റെ പേരിൽ ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അബ്ദുള്ള ബാസിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വക്രീകരിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

