എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങാം: യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം
text_fieldsകോഴിക്കോട്: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങാമെന്ന നിർദേശത്തെ സ്വാഗതം ചെയ്ത് ജില്ലയിലെ എം.എൽ.എമാർ. മണ്ഡലങ്ങളിലെ രൂക്ഷമായ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാറിന്റെ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങി മണ്ഡലത്തിൽ സർവിസ് നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് നൽകിയത്.
താൽപര്യമുള്ള എം.എൽ.എമാർ ഒക്ടോബർ 15ന് അകം ബന്ധപ്പെട്ട കലക്ടർമാർക്ക് പ്രപ്പോസൽ സമർപ്പിക്കണമെന്നും ഏഴുദിവസത്തിനകം കലക്ടർമാർ ഭരണാനുമതി നൽകി നടപടികൾ വേഗത്തിലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജനങ്ങൾ ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരിക്കും കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് പറഞ്ഞു. നാദാപുരം മണ്ഡലത്തിലേക്ക് ഒരു ബസ് വാങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ വ്യക്തമാക്കി.
പ്രിയദർശിനി സർവിസ് ഉൾപ്പെടെ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസ് വാങ്ങി നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തര പ്രാധാന്യത്തോടെ പദ്ധതി നടപ്പാക്കുമെന്നും കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല പറഞ്ഞു. വടകരയിൽ എം.എൽ.എ ഫണ്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്ന കാര്യം അടുത്ത സാമ്പത്തിക വർഷത്തിലേ പരിഗണിക്കാനാകൂ എന്ന് വടകര എം.എൽ.എ കെ.കെ. രമ പറഞ്ഞു. നിലവിൽ ഇപ്രാവശ്യത്തെ ഫണ്ടുകൾ എല്ലാം കൊടുത്തു കഴിഞ്ഞു. അതേസമയം, നഗര കേന്ദ്രീകൃത മണ്ഡലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ ആവശ്യത്തിന് ഉള്ളതിനാൽ കൂടുതൽ ബസ് വാങ്ങുന്നതു സംബന്ധിച്ച് എം.എൽ.എമാർക്ക് മുന്നിൽ ആവശ്യം എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

