Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റക്കാർ രക്ഷപ്പെടില്ല; ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിൽ കർശന നടപടിയെന്ന് ടി.പി. അഷ്റഫലി എം.എൽ.എ

text_fields
bookmark_border
https://www.madhyamam.com/tags/auto-driver
cancel
camera_alt

ടി.പി. അഷ്റഫലി

മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പിൽ ഓട്ടോ ഡ്രൈവർ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തിൽ നിഷ്പക്ഷവും കൃത്യവുമായ അന്വേഷണം ഉറപ്പുവരുത്തി അർഹമായ നീതി നടപ്പിലാക്കാൻ ഇടപെടുമെന്ന് കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷ്റഫലി.

വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് എവിടെയാണ് കാലതാമസം ഉണ്ടായത് എന്നും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോ എന്നും ഉന്നതതലത്തിൽ ഉടൻ സമഗ്രമായി പരിശോധിക്കുമെന്ന് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

സാധാരണക്കാരായ ജനങ്ങൾക്കും തൊഴിലാളികൾക്കും സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെയും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് സർക്കാറിന്റെ വ്യക്തമായ നിലപാട്. ഇതിന് വിരുദ്ധമായി അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വീഴ്ചകളോ കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. തികച്ചും നിർഭാഗ്യകരവും ഏറെ വേദനാജനകവുമായ സംഭവമാണിത്. ഷൗക്കത്തലിയുടെ മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും അഷ്റഫലി കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടർ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് ഗതാഗത സെക്രട്ടറി വിശദമായി അന്വേഷിക്കും. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സി.പി. ജോൺ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story