Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടെപ്പിറപ്പുകളായ...

കൂടെപ്പിറപ്പുകളായ കേരളജനതക്ക് ഓണാശംസ നേർന്ന് സ്റ്റാലിൻ; ‘വാമനജയന്തി കുത്തിത്തിരിപ്പുകളെ അവഗണിക്കണം’

text_fields
bookmark_border
കൂടെപ്പിറപ്പുകളായ കേരളജനതക്ക് ഓണാശംസ നേർന്ന് സ്റ്റാലിൻ; ‘വാമനജയന്തി കുത്തിത്തിരിപ്പുകളെ അവഗണിക്കണം’
cancel

തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ദ്രാവിഡഭാഷാ കുടുംബത്തിലെ കൂടെപ്പിറപ്പുകളായ കേരളജനത ഉത്സാഹത്തോടെയും ഐക്യത്തോടെയും ആഘോഷിക്കുന്ന ഓണത്തിന് ആശംസ നേരുന്നതായി അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

ദ്രാവിഡസംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള തിരുവോണത്തിന്റെ ശോഭ മങ്ങുന്ന രീതിയിൽ ഒരുവിഭാഗക്കാർ ‘വാമനജയന്തി’യുമായി മുന്നിട്ടിറങ്ങിയിരുന്നു. കേരളീയർ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുകതന്നെ ചെയ്യണം -സ്റ്റാലിൻ പറഞ്ഞു.

സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നുനൽകുന്നതെന്നും ജാതി-മത വേർതിരിവുകൾക്ക് അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ഓണം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓണസന്ദേശത്തിൽ വ്യക്തമാക്കി.

സമത്വസുന്ദരവും ഐശ്വര്യപൂർണവും സമാധാനം നിറഞ്ഞതുമായ കാലം പണ്ടെങ്ങോ ഉണ്ടായിരുന്നെന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്. അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുക. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം ‘സർക്കാർ ഒപ്പമുണ്ട്’ എന്നത് ആഘോഷവേളയിലും ആവർത്തിക്കുന്നു. മാനുഷികമായ മൂല്യങ്ങൾ മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുമയുടെ സന്ദേശം ലോകമെങ്ങും എത്തിക്കാം -ഗവർണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഓണാശംസ നേര്‍ന്നു. മാനുഷരെല്ലാരും ആമോദത്തോടെ വസിച്ച സുന്ദരകാലത്തിന്റെ ഓർമ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതല്‍ അന്തസ്സാര്‍ന്ന ഭാവിയെക്കുറിച്ച പ്രതീക്ഷയും ഉണര്‍ത്തുന്നു. സമൃദ്ധിയുടെ മഹോത്സവത്തിലൂടെ കേരളം നല്‍കുന്ന ഒരുമയുടെ സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ ‍ കൈകോര്‍ക്കാമെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ഒറ്റക്കെട്ടായി ഒന്നിച്ചാഘോഷിക്കാം -പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: പ്രതികൂലമായ ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നതെന്നും അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഓണസന്ദേശത്തിൽ പറഞ്ഞു. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍നിന്ന് ലാഭമുണ്ടാക്കുന്നവര്‍ തക്കംപാര്‍ത്തിരിക്കുന്ന ഈ കെട്ടകാലത്ത് ജാതി മത വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് നമുക്ക് ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണമെന്നും സതീശൻ ആശംസിച്ചു.

സ്നേഹം പങ്കുവെക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം -സാദിഖലി തങ്ങൾ

മലപ്പുറം: വിയോജിപ്പുകളും ആശയവൈരുധ്യങ്ങളും തിരുവോണ നാളില്‍ ഒന്നിച്ചുചേര്‍ന്ന് സന്തോഷം പകരുന്നതിന് തടസ്സമാകരുതെന്നും പരസ്പര സ്നേഹവും സൗഹാര്‍ദവും പങ്കുവെക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യം പലവിധ സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും പരസ്പരം കലഹത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ്. ഓണം പോലുള്ള ആഘോഷ വേളകള്‍ ചേര്‍ന്നു നില്‍പ്പിന്റെ മധുരം പങ്കുവെക്കുന്നതാവണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinOnamOnam 2023
News Summary - MK Stalin wishes Malayalees on Onam
Next Story