എല്ലാറ്റിനും മേലെ എന്നുടെ പേര് സ്റ്റാലിൻ...
text_fieldsസി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും സദസ്സിനെ അഭിവാദ്യം ചെയ്യുന്നു ചിത്രം-പി. സന്ദീപ്
കണ്ണൂർ: എല്ലാറ്റിനും മേലെ എന്നുടെ പേര് സ്റ്റാലിൻ... തമിഴ്നാട് മുഖ്യൻ എം.കെ. സ്റ്റാലിൻ ഈ വാക്കുകൾ ആവർത്തിച്ച് പറഞ്ഞപ്പോൾ ഹർഷാരവങ്ങളോടെയാണ് കണ്ണൂർ സ്വീകരിച്ചത്. സംഘകാലം മുതൽ കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധവും കമ്യൂണിസ്റ്റ് വേദിയിലെത്തിയ സാഹചര്യവും വിശദീകരിച്ചാണ് സ്റ്റാലിൻ തന്‍റെ പ്രസംഗത്തിന് തുടക്കമിട്ടത്. കരഘോഷങ്ങളാലും മുദ്രാവാക്യം വിളികളാലുമാണ് പ്രവര്‍ത്തകര്‍ സ്റ്റാലിനെ വേദിയിലേക്ക് വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പ്രകീര്‍ത്തിച്ച് സ്റ്റാലിൻ സംസാരിച്ച ഘട്ടത്തിലെല്ലാം സി.പി.എം പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി.
ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ശരിയായ വ്യക്തിത്വമാണ് പിണറായിയുടേതെന്ന് വിശേഷിപ്പിച്ച സ്റ്റാലിന്‍റെ വാക്കുകൾ സദസ്സിനെ ഇളക്കിമറിച്ചു. സ്റ്റാലിന്‍റെ പങ്കാളിത്തത്തോടെ പാർട്ടി കോൺഗ്രസിന്‍റെ മുഖ്യപരിപാടിയായി സെമിനാർ മാറുകയായിരുന്നു. സ്റ്റാലിൻ വേദിയിലെത്തിയതുമുതൽ ജവഹർ സ്റ്റേഡിയം ആവേശക്കടലായി മാറി. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് പേരാണ് സ്റ്റാലിനെ കാണാൻ കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന സെമിനാറിന് ഉച്ച രണ്ടുമണിയോടെ സദസ്സ് നിറഞ്ഞുകവിഞ്ഞു.