‘കേരളത്തിന്റെ രാഷ്ട്രീയ മനഃസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവപാരമ്പര്യം, ആജീവനാന്ത കമ്യൂണിസ്റ്റ്’; വി.എസിന്‍റെ വിയോഗത്തിൽ അനുശോചിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ് എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുറിപ്പ് പങ്കുവെച്ചത്. ഇതോടൊപ്പം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കേരളത്തിന്റെ രാഷ്ട്രീയ മനഃസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവപാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും സി.പി.എം സഖാക്കള്‍ക്കും കേരള ജനതയ്ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം’ -സ്റ്റാലിന്‍ കുറിച്ചു.
വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രി എസ്. രഘുപതിയെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ സമൂഹമാധ്യമ കുറിപ്പിൽ അറിയിച്ചു. സി.പി.എം സ്ഥാപക നേതാക്കളിലൊരാളായ വി.എസ് തിങ്കളാഴ്ച വൈകീട്ട് 3.20ന് എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായി.
1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

