എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല; താൻ പദവി ചോദിച്ച് നടക്കുന്ന ആളല്ലെന്നും എം.കെ. മുനീർ
text_fieldsഎ.കെ. മുനീർ, അടൂർ പ്രകാശ്
കോഴിക്കോട്: പദവി ചോദിച്ച് പിറകെ പോവുന്ന ആളല്ല താനെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുൻ മന്ത്രിയുമായ എ.കെ. മുനീർ. തന്നെ ഭരണപരിഷ്‍കാര കമീഷൻ ചെയർമാനായി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വിയോജിപ്പ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാർട്ടി പറഞ്ഞാൽ എന്തും ചെയ്യും. യു.ഡി.എഫ് കൺവീനർ പറഞ്ഞതിന് മറുപടി പറയുന്നില്ല. ഭരണപരിഷ്കാര കമീഷൻ ചെയർമാനായി തെരഞ്ഞെടുത്തത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. കാബിനറ്റ് ബ്രീഫിങ് നടന്നിട്ടില്ല. ഭരണപരിഷ്‍കാര കമീഷൻ ചെയർമാൻ എന്നത് ആലങ്കാരിക പദവിയല്ല. അധികാരങ്ങൾ ഉണ്ട്. വി.എസ് അച്യുതാനന്ദൻ കമീഷൻ ചെയർമാനായപ്പോൾ 14 റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നുവെന്ന് മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നന്നായി പ്രവർത്തിച്ച കമീഷനായിരുന്നു വി.എസിന്റെത്. കെ.എ.എസ് ഉൾപ്പെടെ വന്നത് വി.എസിന്റെ കാലത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കാബിനറ്റ് പദവി ലീഗിന് ലഭിക്കുന്നതിനെപറ്റി ബി.ജെ.പിയുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല. വീട്ടിൽ ഇരിക്കാൻ പാർട്ടി പറഞ്ഞാൽ അത് ചെയ്യുമെന്നും മുനീർ പറഞ്ഞു. മന്ത്രിമാർക്ക് എതിരെ നടക്കുന്ന പ്രതിഷേധം സ്വാഭാവികമാണ്. അതിനെ അടിച്ചമർത്താനും ബലപ്രയോഗം നടത്താനും പാടില്ലെന്നും എം.കെ. മുനീർ പ്രതികരിച്ചു.
ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് ഏകോപന സമിതിയിലും പദവി മുനീറിനു നല്‍കാന്‍ ധാരണയായിരുന്നു. ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍, കേരള കോണ്‍ഗ്രസിലെ പി.ജെ ജോസഫ് എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. താനില്ലെന്ന് സുധീരന്‍ അറിയിച്ചു. പി.ജെ. ജോസഫിന് മറ്റൊരു കാബിനറ്റ് പദവി നല്‍കാമെന്നായിരുന്നു ധാരണ.
ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജനെ ഡല്‍ഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

