മിഥുന്റെ മരണവിവരം വിഡിയോ കോളിലൂടെ അമ്മയെ അറിയിച്ചു; സംസ്കാരം സുജ എത്തിയ ശേഷം
text_fieldsമിഥുൻ, പിതാവ് മനോജ്
കൊല്ലം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്ന് മകൻ മിഥുൻ ഷോക്കേറ്റ് മരിച്ചെന്ന വിവരം മാതാവ് സുജയെ അറിയിച്ചു. വ്യാഴാഴ്ച രാത്രി വിഡിയോ കോളിലൂടെയാണ് ദുഃഖവാർത്ത മാതാവിനെ അറിയിച്ചത്.
കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമക്കൊപ്പം തുർക്കിയിലേക്ക് പോയിരിക്കുകയാണ്. അതിനാൽ തന്നെ തുർക്കിയിൽ നിന്നാണോ കുവൈത്തിൽ എത്തിയ ശേഷമാണ് സുജ നാട്ടിലേക്ക് തിരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശനിയാഴ്ച എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുജ എത്തിയ ശേഷം മിഥുന്റെ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർഥിയും തേവലക്കര വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9.40നാണ് സംഭവം.
ക്ലാസ് പരിസരത്ത് കളിക്കുന്നതിനിടെയാണ് കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിലേക്ക് ചെരിപ്പ് വീണത്. ക്ലാസ് മുറിയിൽ ഡസ്കിട്ട് ഭിത്തിയിൽ പിടിച്ച് മുകളിലെ വിടവിലൂടെ ഇരുമ്പ് ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ കയറിയ വിദ്യാർഥി ചെരിപ്പെടുക്കാനായി നടന്നു നീങ്ങുന്നതിനിടെ വഴുതി വീണപ്പോൾ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ഷെഡിന് മുകളിൽ പാകിയ ഷീറ്റിൽ നിന്ന് അരമീറ്റർ പോലും ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ. സ്കൂളിലേക്കും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കുമായി വലിച്ച ലൈനിൽ നിന്നാണ് ഷോക്കേറ്റത്. തേവലക്കര വൈദ്യുതി ഓഫിസിൽ നിന്ന് അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ബെഞ്ച് ഉപയോഗിച്ച് ലൈനിൽ നിന്ന് തട്ടി മാറ്റി കുട്ടിയെ താഴെയിറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈദ്യുതി ലൈനിന് തൊട്ട് താഴെ പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ വർഷങ്ങൾക്ക് മുമ്പ് പണിത സൈക്കിൾ ഷെഡ് അപകടനിലയിലാണെന്ന് പി.ടി.എ ഭാരവാഹികൾ അടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. സി.പി.എം ലോക്കൽ കമ്മിറ്റി നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്കൂളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

