മിഥുന്‍റെ മരണം: തേവലക്കര സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
text_fieldsകൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനാധ്യാപികയായ സുജയ്‌ക്കെതിരെയാണ് അച്ചടക്ക നടപടി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം പ്രധാനാധ്യാപികയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസത്തിനകം സ്‌കൂള്‍ മറുപടി നല്‍കണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എ.ഇ.ഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചിരുന്നു.
അതേസമയം, മിഥുന്റെ സംസ്കാരം നാളെ നടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം. മിഥുന്റെ തുർക്കിയിലുള്ള മാതാവ് സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നുമാണ് വിവരം. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്ന് കരുതുന്നു.
വ്യാഴാഴ്ച രാത്രി വിഡിയോ കോളിലൂടെയാണ് ദുഃഖവാർത്ത മാതാവിനെ അറിയിച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമക്കൊപ്പം തുർക്കിയിലേക്ക് പോയതാണ്. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർഥിയും തേവലക്കര വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9.40നാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

