സർക്കാർ വാഹനങ്ങളിൽ സ്വകാര്യ യാത്ര; ധനകാര്യ വകുപ്പിന്റെ പരിശോധനയില്ല, ഔദ്യോഗിക വാഹനങ്ങളുടെ ദുർവിനിയോഗം കൂടുന്നു
text_fieldsആർ.സി, വാഹനത്തിന്റെ നമ്പർ േപ്ലറ്റ്
കോഴിക്കോട്: തദ്ദേശ ഭരണ വകുപ്പിൽ ഔദ്യോഗിക വാഹനങ്ങൾ വ്യാപകമായി ദുർവിനിയോഗം ചെയ്യുന്നു. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് മുതൽ ഗ്രാമപഞ്ചായത്തുകൾവരെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി ഉയരുന്നത്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കരാർ വാഹനങ്ങൾ നിരവധിയുണ്ടെങ്കിലും അവയിൽ ചിലതു മാത്രമാണ് ടാക്സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടുന്നത്. മറ്റുള്ളവ പ്രൈവറ്റ് നമ്പർ പ്ലേറ്റ് െവച്ച് സർക്കാർ വാഹനങ്ങൾ എന്ന വ്യാജേനയാണ് ഓടുന്നത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഇതിൽപെടുന്നു. കരാർ വാഹനങ്ങളിലെ സർക്കാർ ബോർഡുകൾ ഇളക്കി മാറ്റിയ ശേഷം ഉദ്യോഗസ്ഥരുടെ സ്വകാര്യ യാത്രകൾക്ക് ഉപയോഗിക്കുകയും ഇതിന്റെ തുക സർക്കാർ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഉദ്യോഗസ്ഥനും കുടുംബത്തിനും യാത്രകളിലെല്ലാം ഫ്രീ ട്രാൻസ്പോർട്ടേഷൻ തരപ്പെടുകയാണ്. കേന്ദ്രസർക്കാർ പദ്ധതിയായ വി.ബി.ജി റാം ജിയുടെ ഭാഗമായി സംസ്ഥാന, ജില്ല ഓഫിസുകളിൽ കരാറടിസ്ഥാനത്തിൽ എടുത്തിരിക്കുന്ന വാഹനങ്ങൾ പോലും ഉദ്യോഗസ്ഥരെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുവരാനും തിരികെ കൊണ്ടുവിടാനും വ്യാപകമായി ഉപയോഗിക്കുകയാണ്.
ഇതിന് നൽകുന്ന തുകയുടെ 60 ശതമാനം കേന്ദ്രസർക്കാർ വിഹിതം ആണ്. താഴെ തട്ടിൽ ഏറ്റവും കൂടുതൽ വാഹന ദുർവിനിയോഗം നടക്കുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. ഗ്രാമപഞ്ചായത്തിൽ ആകെയുള്ളത് ഒരു ഓഫിസ് വാഹനം മാത്രം ആണ്. എന്നാൽ ഇത് ഓഫിസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ലഭ്യമാകാറേയില്ല.
ഈ വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്മാരാണ് ഉപയോഗിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ജനപ്രതിനിധികൾ വാഹനം ഉപയോഗിക്കുന്നതിൽ ഒരു നിയമവിരുദ്ധതയും ഇല്ല. എന്നാൽ, ഈ യാത്രകളിൽ ഭൂരിപക്ഷവും ഔദ്യോഗിക യാത്രകളല്ല എന്നതും ഓഫിസ് സമയങ്ങളേക്കാൾ കൂടുതൽ രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ആണെന്നതുമാണ് വിചിത്രം. പഞ്ചായത്ത് അതിർത്തിയും ജില്ല അതിർത്തിയും കഴിഞ്ഞാണ് ദിവസേന ഓടുന്നതെങ്കിലും ലോഗ്ബുക്ക് പ്രകാരം യാത്രകളിൽ ഭൂരിപക്ഷവും പഞ്ചായത്ത് പ്രദേശത്തിനകത്തായിരിക്കും. പക്ഷേ, സഞ്ചരിച്ച ദൂരവും പോയ സ്ഥലങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടില്ല എന്നതാണ് കൗതുകകരം.
പല ഗ്രാമപഞ്ചായത്തുകളിലും ഓഫിസ് സമയത്തിനു ശേഷമുള്ള സ്വകാര്യ ഓട്ടങ്ങൾക്ക് പ്രത്യേക ഡ്രൈവർമാർ തന്നെയുണ്ട്. പല പഞ്ചായത്തുകളിലും സ്ഥിരം ഡ്രൈവർ രാവിലെ വന്ന് ഒപ്പിട്ട് മുങ്ങുകയും താൽക്കാലിക ഡ്രൈവർമാർ വാഹനം ഓടിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. മുൻകാലങ്ങളിൽ സംസ്ഥാന ധനകാര്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നപ്പോൾ വാഹന ദുർവിനിയോഗം വളരെ കുറവായിരുന്നു. എന്നാൽ, അത് നിലച്ചതോടെ യാത്രകളും രേഖപ്പെടുത്തലും തോന്നുംപടിയാണ്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനും അതിലെ വിവരങ്ങൾ ലോഗ് ബുക്കുമായി ഒത്തുനോക്കാനും സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

