ദുരിതാശ്വാസനിധിയുടെ ദുരുപയോഗം: ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസനിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹരജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ആർ.എസ്. ശശികുമാറാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ഹരജി ഫയൽ ചെയ്തത്.
മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തക്കും ഉപലോകയുക്തക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി ഹരജി ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ട നടപടിയാണ് ഹരജിക്കാരൻ ചോദ്യം ചെയ്യുന്നത്.
ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ടശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് പ്രസ്തുത വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നുമാണ് ഹരജിക്കാന്റെ വാദം.
അതിനാൽ, വാദംകേട്ട ലോകായുക്ത ഡിവിഷൻ ബെഞ്ച് തന്നെ ഹരജിയിൽ ഉത്തരവ് പറയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.