കേരളത്തിൽ മിസോറാം ലോട്ടറികൾ വിൽക്കും: വരുമാനം പൊതുജന നന്മക്ക്
text_fieldsകൊച്ചി: കേരളത്തില്‍ വീണ്ടും ലോട്ടറി വില്‍ക്കാന്‍ തീരുമാനിച്ചതായി മിസോറാം സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. കേരളത്തിൽ മിസോറം ലോട്ടറിയുടെ വിൽപന അവസാനിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതായും മിസോറം ഹൈകോടതിയെ അറിയിച്ചു.
കേരളത്തിൽ വിൽക്കുന്ന സൂപ്പർ ഡീലക്‌സ് മൺഡേ സെറ്റ് ലോട്ടറികൾക്ക് മിസോറം സർക്കാറിെൻറ അംഗീകാരമുണ്ട്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഇവ വിപണിയിലെത്തിക്കുന്നത്. ലോട്ടറി നിയന്ത്രണ നിയമം, മിസോറം ലോട്ടറി നിയന്ത്രണ ചട്ടം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശങ്ങൾ എന്നിവ പാലിച്ചാണ് കേരളത്തിലെ വിൽപനയെന്നും മിസോറം സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേരളത്തിൽ ലോട്ടറി വിൽക്കാനുള്ള അധികാരം നിയന്ത്രിക്കുന്ന ജി.എസ്.ടി ചട്ടത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത് മിസോറം ലോട്ടറി ഏജൻറായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് നൽകിയ ഹരജിയിലാണ് വിശദീകരണം. കോടതി ആവശ്യപ്പെടുന്ന പക്ഷം പുതിയ വിജ്ഞാപനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ ഹാജരാക്കാമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ലോട്ടറി വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം പൊതുജന നന്മക്ക് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മിസോറം സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി.
ലോട്ടറി വിൽപനയിലൂടെയുള്ള വരുമാനം ആരോഗ്യ, പൊതുശുചിത്വ മേഖലയിൽ നിക്ഷേപിക്കാനാകുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എത്ര ലോട്ടറി വിറ്റു, സമ്മാനത്തുക എത്ര, ആർക്കാണ് സമ്മാനം ലഭിച്ചത്, വിൽക്കാത്ത ലോട്ടറി എത്ര തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും ഇതുസംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണമെന്നുമുള്ള വ്യവസ്ഥകളാണ് ഹരജിക്കാർ ചോദ്യം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
