പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ്
text_fieldsകൊച്ചി: പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ്. പ്രതിരോധകുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ മിഷൻ ഇന്ദ്രധനുഷ്-5.0 യജ്ഞം നടപ്പാക്കുന്നത്. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുക, കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉണ്ടായിട്ടുള്ള കുറവ് നികത്തുക എന്നി ലക്ഷ്യങ്ങളോടെയാണ് മിഷൻ ഇന്ദ്രധനുഷ് തീവ്ര യജ്ഞം 5.0 രാജ്യത്ത് നടപ്പാക്കുന്നത്.
പൂർണമായി വാക്‌സിൻ എടുക്കാത്തത് മൂലം ഒരു പ്രദേശത്തു ഉണ്ടാകാൻ സാധ്യതയുള്ള രോഗാവസ്ഥയും മരണവും കുറയ്ക്കുന്നതിനായി ഐ.എം.ഐ. 5.0 കേരളത്തിലെ 14 ജില്ലകളിലും യജ്ഞം നടപ്പാക്കുന്നത്. മറ്റു വകുപ്പുകളുടെ കൂടി സഹകരണം ഉറപ്പാക്കി നഗരപ്രദേശങ്ങളിൽ ഊന്നൽ നൽകുന്നു.
ഏതെങ്കിലും വാക്‌സിൻ എടുക്കുവാൻ വിട്ടു പോയിട്ടുള്ള 5 വയസ്സ് വരെയുള്ള കുട്ടികളെയും ഗർഭിണികളെയും കണ്ടെത്തി അവരെ യു -വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നു. ശേഷം മിഷൻ ഇന്ദ്രധനുഷ് സെഷനുകളിൽ വാക്‌സിൻ നൽകുകയും ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ഓഗസ്റ്റ് ഏഴു മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയുമാണ്.
ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറു ദിവസങ്ങളിലായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെയാണ് പരിപാടി നടത്തുന്നത്. പ്രായമനുസരിച്ച് ഡോസുകൾ എടുക്കുവാൻ വിട്ടുപോയിട്ടുള്ള 23 മാസം പ്രായമുള്ള കുട്ടികളെയും എം.ആർ.ഒന്ന്, എം.ആർ.രണ്ട് , ഡി .പി.റ്റി. ബൂസ്റ്റർ , ഒ.പി.വി.ബൂസ്റ്റർ ഡോസുകൾ എടുക്കുവാൻ വിട്ടു പോയിട്ടുള്ള രണ്ടു മുതൽ അഞ്ചു വയസ് വരെ പ്രായമുള്ള കുട്ടികൾക്കും പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഇതിലൂടെ വാക്‌സിൻ നൽകുക.
വാക്‌സിൻ വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളായ ഡിഫ്ത്തീരിയ, പെർട്ടൂസിസ്, ടെറ്റനസ്, മീസിൽസ്, റൂബെല്ല മുതലായവ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, നഗരങ്ങളിലെ ചേരിപ്രദേശങ്ങൾ, വാക്‌സിനോട് വിമുഖത കാണിക്കുകയോ, എടുക്കാതിരിക്കുകയോ ചെയ്യുന്നവർ താമസിക്കുന്ന പ്രദേശങ്ങൾ, വാക്‌സിൻ എടുക്കാത്ത കുട്ടികൾ കൂടുതലുള്ള പ്രദേശങ്ങൾ, ദേശീയ ഇമ്മ്യൂണൈസേഷൻ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ വാക്‌സിനുകളുടെ കവറേജ് കുറവുള്ള പ്രദേശങ്ങൾ,
ഇമ്മ്യൂണൈസേഷൻ സെഷനുകൾ ആസൂത്രണം ചെയ്തു വിവിധ കാരണങ്ങളാൽ നടത്താതെ പോയിട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിനു മുന്നോടിയായി ആശാപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവർ വീടുകൾ സന്ദർശിച്ച് വാക്‌സിൻ എടുക്കാത്തതോ ഏതെങ്കിലും ഡോസ് എടുക്കുവാൻ വിട്ടുപോയിട്ടുള്ളതോ ആയ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയും ഗർഭിണികളെയും കണ്ടെത്തിയാണ് വാക്‌സിൻ നൽകുന്നത്.
സർക്കാർ ആശുപത്രികൾ , ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വാക്‌സിനേഷൻ നൽകുന്നതാണ്. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായത്തോടെ വാക്‌സിനേഷൻ നൽകും.
എറണാകുളം ജില്ലയിൽ ഫീൽഡ് തല സർവേ നടത്തിയ പ്രകാരം 1632 ഗർഭിണികളും 2941 രണ്ടു വയസ്സിൽ താഴെയുള്ളതും 1780 രണ്ടു വയസ്സ് മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളുമാണ് വാക്‌സിൻ എടുക്കാനുള്ളത് .ഇവർക്കായി 527 വാക്‌സിനേഷൻ സെഷനുകളാണ് പ്ലാൻ ചെയ്തിട്ടുള്ളത്. ഇത് ഗവ. ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സബ് സെന്ററുകൾ, ഹൈ റിസ്‌ക് ഏരിയ എന്നിവിടങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

