മൂന്നാറിൽ ദൗത്യസംഘം ഒഴിപ്പിക്കൽ നടപടി തുടരുന്നു
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ നിയോഗിച്ച റവന്യൂ സംഘം ദൗത്യം തുടരുന്നു. ശനിയാഴ്ച പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. പള്ളിവാസൽ വില്ലേജിൽ ബ്ലോക്ക് 14ൽ സർവേ 36/3ലെ 30.95 ആർ സ്ഥലത്തെ കൈയേറ്റവും ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വെച്ച ചിന്നക്കനാൽ താവളം സർവേ 20/1, 11/1, 48ൽപെട്ട 0.89.07 ഹെക്ടർ 1.76 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയും 43.3 സെന്റ് കെ.എസ്.ഇ.ബി സ്ഥലവും ഉൾപ്പെടെ 2.20 ഏക്കറാണ് റവന്യൂ ദൗത്യസംഘം ഒഴിപ്പിച്ചത്. നിയമപരമായ പിൻബലം ഇല്ലാത്ത കൈയേറ്റങ്ങൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഒഴിപ്പിച്ചതെന്ന് ജില്ല കലക്ടർ ഷീബ ജോർജ് പറഞ്ഞു. പട്ടയം ലഭിക്കാനുള്ള അർഹത പരിശോധിച്ച് നിയമപരമായ നടപടികൾ പാലിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടി സ്വീകരിക്കൂവെന്നും കലക്ടർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ നടപടി തുടരാൻ ദൗത്യസംഘം തീരുമാനമെടുത്തിരുന്നു. പിന്നാലെയാണ് ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ഒഴിപ്പിച്ചത്. ദേവികുളം ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമിയും ചിന്നക്കനാൽ വില്ലേജിലെ 5.55 ഏക്കർ ഭൂമിയും പുതിയ ദൗത്യസംഘം ആദ്യഘട്ടമായി ഒഴിപ്പിച്ചിരുന്നു. നിയമക്കുരുക്കൊഴിവാക്കി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
ഇതിനിടെ വൻകിട കൈയേറ്റക്കാരെ അവഗണിച്ച് കുടിയേറ്റ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ദൗത്യ സംഘത്തിനെതിരെ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

