മിഷൻ 100 + ലോഡിങ്... ബത്തേരി ബ്ലൂ പ്രിന്റുമായി കോൺഗ്രസ് പടയൊരുക്കം
text_fieldsതിരുവനന്തപുരം: ബത്തേരിയിലെ വിശാല നേതൃസംഗമത്തിൽ തയ്യാറാക്കിയ രാഷ്ട്രീയ രൂപരേഖയും തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിലെ പുതുമയും ഘടകകക്ഷികൾക്കിടയിലെ ഐക്യവും മുൻനിർത്തി ഭരണവിരുദ്ധ വികാരം വോട്ടാക്കാനുള്ള പടയൊരുക്കത്തിനാണ് കോൺഗ്രസ് തുടക്കമിടുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങൾക്കും പ്രാദേശിക താല്പര്യങ്ങൾക്കുമപ്പുറം വിജയസാധ്യത മാത്രമാകും സ്ഥാനാർഥി നിർണയ മാനദണ്ഡമെന്നാണ് പൊതുധാരണ. 100 സീറ്റിനുമേൽ കയ്യടക്കുക എന്നത് മുൻനിർത്തി ‘100 + ലോഡിങ്...’ എന്ന മുദ്രാവാക്യമുയർത്തിയുള്ള തെരഞ്ഞെടുപ്പ് ബ്ലൂ പ്രിന്‍റിനാണ് ബത്തേരിയിൽ രൂപം നൽകിയത്.
തദ്ദേശ ഫലമനുസരിച്ച് 80 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ട്. ബാക്കി 20 മണ്ഡലങ്ങൾകൂടി പിടിച്ചെടുക്കാനുള്ള മൈക്രോ-ലെവൽ പ്ലാനിങ്ങാണ് നടക്കുന്നത്. മാണി കോൺഗ്രസിന്‍റെ കളംമാറ്റത്തോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തിരിച്ചടി മറികടന്നെന്ന് മാത്രമല്ല, ശക്തമായ തിരിച്ചുവരവിനും സാധിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
എറണാകുളം, മലപ്പുറം ജില്ലകൾ ഭദ്രമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ കൂടുതൽ വിയർപ്പൊഴുക്കിയാലേ 100ലധികം സീറ്റുകൾ എന്ന ലക്ഷ്യത്തിലെത്താനാകൂ. ഫലത്തിൽ ഈ സീറ്റുകളിൽ കനത്ത മത്സരം കാഴ്ചവെക്കാൻ കഴിയുന്ന സർപ്രൈസ് സ്ഥാനാർഥികളെയാകും കോൺഗ്രസ് കളത്തിലിറക്കുക.
യുവാക്കൾക്ക് കാര്യമായ പരിഗണന നൽകാനാണ് തീരുമാനം. ആരും സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുത് എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല. സീറ്റ് തിരികെ പിടിക്കാൻ എം.പി തന്നെ മത്സരിക്കണമെന്നാണ് സാഹചര്യമെങ്കിൽ അത് അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

