ആളുകളിൽനിന്ന് കടം വാങ്ങിയും മുക്കുപണ്ടം നൽകിയും ലക്ഷങ്ങൾ തട്ടി മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയ യുവതി മൂന്നുവർഷത്തിനുശേഷം പിടിയിൽ
text_fieldsകോഴിക്കോട്: ലക്ഷങ്ങൾ തട്ടി മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് കത്തെഴുതിവെച്ച് മുങ്ങിയ യുവതിയെ മൂന്നുവർഷത്തിനുശേഷം പിടികൂടി. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) ആണ് പിടിയിലായത്.
2022 നവംബർ 11ന് രാവിലെ താൻ മരിക്കാന്‍ പോകുകയാണെന്ന് എഴുതി വെച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്കൂട്ടറുമെടുത്ത് പോകുകയായിരുന്നു. പിന്നാലെ യുവതിയെ കാൺമാനില്ലെന്ന് ഇവരുടെ സഹോദരി ഫറോക്ക് പൊലീസിൽ പരാതി നൽകി. യുവതി ഓടിച്ചുപോയ സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ചിരുന്നു. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല.
മുങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്സില്‍നിന്ന് യുവതി 226.5 ഗ്രാം മുക്കുപണ്ടങ്ങൾ പണയം വെച്ച് 9,10,000 രൂപ കൈക്കലാക്കിയിരുന്നു. കൂടാതെ പലരിൽനിന്നും വിലയ തുക കടം വാങ്ങുകയും ചെയ്തിരുന്നു.
കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണസംഘം സൈബർ സെല്ലുമായി ചേർന്ന് നടത്തിയ നീണ്ട അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരുപ്പുണ്ടെന്നും ഇന്റെർനെറ്റ് കോളുകൾ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടന്നും അന്വേഷണസംഘം മനസ്സിലാക്കി. തുടർന്ന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടത്തുകയായിരുന്നു.
പുഴയിൽ ചാടി മരിച്ചിട്ടുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാലത്തിന് സമീപം സ്കൂട്ടർ നിർത്തിയിട്ട് നാടുവിടുകയായിരുന്നെന്നും, പാലക്കാട്, എറണാംകുളം, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഫറോക്ക് പൊലീസും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലെ ക്രൈം സ്ക്വാഡും ചേർന്നാണ് യുവതിയെ കണ്ടെത്തിയത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ്, സി.പി.ഒമാരായ പ്രജിഷ, സനൂപ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗങ്ങളായ സുജിത്ത് മാവൂർ, ഷെഫിൻ സ്കറിയ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

