പെരിയാർ കടുവ സങ്കേതത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം തടാകത്തിൽ
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. കടുവ സങ്കേതത്തിനുള്ളിലെ മുല്ലക്കുടിക്ക് സമീപം കാക്കായോളി ഭാഗത്താണ് മൃതദേഹം കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമളി ആദിവാസി ഉന്നതിയിലെ ലിബിനെ (35) കാണാതായത്.
കൂട്ടുകാരായ പ്രഭാകരൻ, രാമൻ എന്നിവർക്കൊപ്പം കാട്ടിനുള്ളിൽ ട്രക്ക് പാത്ത് ജോലികൾക്കായി പോയതായിരുന്നു ഇദ്ദേഹം. മുല്ലക്കുടി മേതകാനം ഭാഗത്തേക്ക് പ്രഭാകരൻ കാട്ടിനുള്ളിലൂടെ നടന്നും ലിബിനും രാമനും മുളകൊണ്ടുള്ള ചങ്ങാടത്തിൽ തടാകത്തിലൂടെയുമാണ് പോയത്. നേരം വൈകിയതോടെ മുള ചങ്ങാടത്തിൽ തന്നെ ഇരുവരും കിടന്നുറങ്ങി. രാവിലെയാണ് ലിബിനെ കാണാതായ കാര്യം അറിയുന്നത്.
ഉറക്കത്തിനിടെ ചങ്ങാടത്തിൽ നിന്നും ലിബിൻ തടാകത്തിലേക്ക് വീണിരിക്കാമെന്നാണ് നിഗമനം. മൂന്നു ദിവസമായി കാട്ടിനുള്ളിലും തടാകത്തിലും വനം, പൊലീസ് അധികൃതർ തെരച്ചിൽ നടത്തിവരികയായിരുന്നു. തടാകത്തിൽ മുങ്ങി തപ്പാൻ തിങ്കളാഴ്ച സ്കൂമ്പാ ഡൈവേഴ്സും എത്തിയിന്നു. എന്നാൽ ഇവർ ഇറങ്ങും മുമ്പേ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലിബിൻ അവിവാഹിതനാണ്.

