ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
text_fieldsഎടക്കര: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പട കോട്ടക്കുന്ന് കേളമ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദിന്റെ (16) മൃതദേഹമാണ് ചാലിയാർ പുഴയുടെ ചാത്തമുണ്ട ചീത്തുകല്ല് ഭാഗത്തുനിന്ന് ബുധനാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്.
പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർഥിയാണ്. തിരച്ചിലിനിടെ മൃതദേഹം പുഴയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരാണ് കണ്ടത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ താഴെ പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തായിരുന്നു മൃതദേഹം.
അഗ്നിശമന സേനയും ഇ.ആർ.എഫും എ.ഐ.വൈ.എഫിന്റെ ഭഗത് സിങ് യൂത്ത് ഫോഴ്സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തിയത്. ഉപ്പട ഗ്രാമം കടവിൽ തിങ്കളാഴ്ച ഉച്ചക്ക് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് റാഷിദ് ഒഴുക്കിൽപ്പെട്ടത്.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കി. മാതാവ്: ഫെബിന. സഹോദരി: അന്ന ഫാത്തിമ.