ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പ പീഠം കണ്ടെത്തി; കിട്ടിയത് കാണാതായെന്ന് പരാതി നൽകിയയാളുടെ ബന്ധു വീട്ടിൽ നിന്ന്
text_fieldsപത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പ പീഠം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണപീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നത്.
ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതിയാണ് പീഠങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയത്. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചിരുന്നു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്‌ട്രോങ് റൂമുകളും പരിശോധിച്ചിരുന്നു. ഒടുക്കം ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും ബംഗളൂരുവിലെ വീട്ടിലും പരിശോധന നടത്തി. പരിശോധനകളില്‍ കാണാതായ പീഠത്തെ സംബന്ധിച്ച് സൂചന കിട്ടിയിരുന്നു. വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടില്‍ പീഠമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഠം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
എന്നാല്‍, പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്‌പോണ്‍സര്‍ അന്ന് പറഞ്ഞത്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്നും അന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. ഇപ്പോൾ ബന്ധുവീട്ടിൽ നിന്ന് പീഠം കണ്ടെടുത്ത സാഹചര്യത്തിൽ ഇതിന് പിന്നിൽ എന്താണ് നടന്നത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടായേക്കും. സർക്കാറിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിൽ നിർത്താനുളള ആസൂത്രിത ഗൂഢാലോചന ഉണ്ടാകാനുളള സാധ്യതയും സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

