തമിഴ് കുടുംബത്തിന്റെ തിരോധാനം: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന
text_fieldsപറവൂർ: വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്റെ തിരോധാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു.തമിഴ്നാട് തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യയും മക്കളുമടക്കം ഏഴുപേർ മുനമ്പത്ത് ബോട്ടിൽ പോയിരുന്നതായി ബന്ധുക്കളിൽനിന്ന് വരാപ്പുഴ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.കൊച്ചിയിൽ വസ്ത്രവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ചന്ദ്രൻ 2018ലാണ് ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് ഭാഗത്ത് ഏഴ് സെന്റ് സ്ഥലം വാങ്ങിയത്.വീടുപണി ആരംഭിച്ചെങ്കിലും ആഗസ്റ്റിൽ പ്രളയമുണ്ടായതോടെ നിലച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ചന്ദ്രനും കുടുംബവും നാട്ടിൽപോയി ദിവസങ്ങൾക്കുള്ളിൽ മടങ്ങിവരാമെന്ന് പറഞ്ഞു സ്ഥലം വിട്ടു.
മൂന്ന് വർഷമായിട്ടും കുടുംബത്തിലെ ആരെയും പരിസരവാസികൾ പിന്നീട് കണ്ടിട്ടില്ല. ഇയാളുടെ ആഡംബര കാർ ഇപ്പോഴും പണിതീരാത്ത വീടിനു മുന്നിലുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വരാപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ വീട് പരിശോധിച്ചിരുന്നു.
വസ്തു വാങ്ങിയ സമയത്തു നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസത്തിൽ തമിഴ്നാട് തിരുവള്ളൂർ തിരുവേർക്കാട് എന്നാണ് കാണിച്ചിട്ടുള്ളത്. ഇതുപ്രകാരം പൊലീസ് അവിടെ അന്വേഷണം തുടങ്ങി. അവിടെ എത്തിയ പൊലീസ് ബന്ധുക്കളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് തെളിവുകളും മറ്റു വിവരങ്ങളും കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

