ഹാൻസ് കാണാതായ കേസ്: സസ്പെൻഷനിലായ ഉദ്യോഗസ്ഥന്റെ വാദം തള്ളി ബത്തേരി പോലീസ്
text_fieldsസുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സസ്പെൻഷനിലായ പൊലീസുകാരൻ സബിത്ത്. കാണാതായ ലഹരിവസ്തുക്കൾ സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയുണ്ടെന്നും അദ്ദേഹം ചൊവ്വാഴ്ച ചില മാധ്യമങ്ങളോട് പറയുകയുണ്ടായി.
സബിത്തിന്റെ വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ആഗസ്റ്റ് 20-ാം തീയതി രാത്രി നൈറ്റ് ഡ്യൂട്ടിണ്ടായിരുന്നു. അന്നേദിവസം രാത്രി തൊണ്ടി റൂമിന് പുറത്ത് കുറച്ച് ചാക്കുകൾ കിടക്കുന്നത് കണ്ടു. ഇത് തൊണ്ടി റൂമിൽ വെക്കാൻ നോക്കിയെങ്കിലും അതിന്റെ താക്കോലില്ലാത്തതിനാൽ റൂമിൽ വെച്ചില്ല. പിന്നീട് ഈ സാധനങ്ങൾ സ്റ്റേഷന്റെ പുറത്തും കോമ്പൗണ്ടിലുമായി പലയിടത്തും സുരക്ഷിതമായി സൂക്ഷിക്കാറുണ്ട് എന്നറിയാവുന്നതിനാൽ, വാഹനം കഴുകാൻപോയ സമയത്ത് ആ സാധനങ്ങൾ അവിടെയുള്ള മറ്റൊരു സുരക്ഷിതമായ മുറിയിലേക്ക് മാറ്റിവെക്കുകയാണ് ചെയ്തത്.
ആ മുറി ലോക്ക്ഡ് അല്ലെങ്കിലും തള്ളിത്തുറക്കാവുന്ന ഒന്നാണ്. തൊട്ടടുത്ത മറ്റൊരു റൂമിലും സമാനമായ സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. സ്റ്റേഷന്റെ കോമ്പൗണ്ടിലുള്ള ഇത്തരം സ്ഥലങ്ങൾ മാത്രമാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.
ഈ വിവരങ്ങൾ അന്നേദിവസം മേലുദ്യോഗസ്ഥരെ വൈകിയതുകൊണ്ട് വിളിച്ചുപറഞ്ഞിരുന്നില്ല. പിന്നീട് രാവിലെ തിരക്കിലായതുകൊണ്ട് പറയാൻ സാധിച്ചില്ല. ഇതിനുശേഷം തനിക്ക് മെഡിക്കൽ അവധിയിൽ പ്രവേശിക്കേണ്ടി വന്നു. അന്നേദിവസം തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും താൻ പ്രതിയാണെന്ന് അറിയുന്നതും വാർത്തകളിലൂടെയാണ്. തന്നോട് ആരെങ്കിലും ഇതേക്കുറിച്ച് ചോദിക്കുകയോ സ്റ്റേഷനിലെ തൊണ്ടിമുതലുകൾ എവിടെയാണെന്ന് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, സബിത്തിന്റെ വാദങ്ങൾ സുൽത്താൻ ബത്തേരി പൊലീസ് തള്ളുകയാണ്. തൊണ്ടിമുതൽ മറ്റൊരു റൂമിലേക്ക് മാറ്റണമെങ്കിൽ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. പിന്നീട് അറിയിക്കാൻ വൈകിയെന്നതിലും കഴമ്പില്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സബിത്തിനെ പ്രതി ചേർത്തതെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

