താനൂരിൽനിന്ന് പെൺകുട്ടികളെ കാണാതായ സംഭവം: കൂടെപോയ യുവാവ് അറസ്റ്റിൽ; പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി
text_fieldsഅക്ബർ റഹീം
താനൂർ: താനൂരിൽനിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തിരൂരിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ ആലുങ്ങൽ വീട്ടിൽ അക്ബർ റഹീമിനെയാണ് (26) താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാണാതായ പെൺകുട്ടികളുമായി നാലു മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി ഇയാൾ പരിചയപ്പെട്ടത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഫോൺനമ്പർ നിരീക്ഷിച്ചതിൽനിന്ന് ഇയാൾ മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം ഉണ്ടെന്നും വ്യക്തമായിരുന്നു.
താനാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രാഥമിക ചോദ്യംചെയ്യലിൽ അക്ബർ റഹീം സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടികളെ കണ്ടെത്താൻ പൊലീസുമായി സഹകരിച്ചിരുന്ന ഇയാളെ ശനിയാഴ്ച രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതൽ തടവിൽവെച്ച ഇയാൾക്ക് ചോദ്യംചെയ്യലിൽ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഫോൺ വഴി പിന്തുടർന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചേർത്ത മറ്റൊരു കേസും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തു. ഇയാളെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കൽ പരിശോധനക്കും വിധേയമാക്കിയതിനുശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

