കാണാതായ കോളജ് വിദ്യാർഥിനിയെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതിക്കായി അന്വേഷണം ഊർജിതം
text_fieldsകുറ്റ്യാടി: കാണാതായ കോളജ് വിദ്യാർഥിനിയെ വീട്ടിനകത്ത് പൂട്ടിയിട്ടനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്ച കാണാതായ, കോഴിക്കോട്ടെ കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടുതോട്ടിലെ വീട്ടിൽനിന്ന് കണ്ടെത്തിയ കേസിൽ വീട്ടുടമയുടെ മകൻ യു.കെ. ജുനൈദിനെയാണ് (24) പൊലീസ് തിരയുന്നത്.
തൊട്ടിൽപാലം എസ്.ഐ. എം.പി. വിഷ്ണുവിനാണ് അന്വേഷണ ചുമതല. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനിയെ ബുധനാഴ്ച കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച വിദ്യാർഥിനി ഹോസ്റ്റലിൽനിന്ന് ജുനൈദിനൊപ്പം പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ ഫോൺ ട്രാക് ചെയ്ത് പൊലീസ് വിദ്യാർഥിനിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് വിദ്യാർഥിനിയെ മോചിപ്പിച്ചത്. വീട്ടിൽനിന്ന് എം.ഡി.എം.എയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. പീഡനം, ലഹരിമരുന്ന് കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
വിദ്യാർഥിനിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ജുനൈദിന്റെ മാതാപിതാക്കൾ വിദേശത്താണുള്ളത്. നാട്ടിൽ ജോലിചെയ്യുന്ന ഇയാൾ ഇടക്കേ വീട്ടിൽ വരാറുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾക്കായി പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം നിരീക്ഷണത്തിലാണ്. ജുനൈദും വിദ്യാർഥിനിയും നേരത്തെ അടുപ്പത്തിലായിരുന്നെന്നും പിന്നീട് ബന്ധം ഇല്ലാതായെന്നും നാട്ടുകാർ പറഞ്ഞു. അടുത്തിടെ വിദ്യാർഥിനിയുടെ വീടിനുനേരത്തെ കല്ലേറുണ്ടായതായി പരാതിയുണ്ടായിരുന്നു. ഭീഷണിപ്പെടുത്തിയായിരിക്കും പ്രതി വിദ്യാർഥിനിയെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ടാവുക എന്ന നിഗമനത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

