ജല അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു
text_fieldsപാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമാണ യൂനിറ്റിനുള്ള വെള്ളത്തിനായി വിവാദ കമ്പനി ജല അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു. കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിൽ തുടങ്ങുന്ന ഓയിൽ കമ്പനിക്ക് വെള്ളത്തിന് 2023ലാണ് ജല അതോറിറ്റിയെ സമീപിച്ചത്.
എഥനോൾ യൂനിറ്റ് സ്ഥാപിക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ ജലലഭ്യത ഉറപ്പാക്കാനുള്ള അനുമതിപത്രം വേണമെന്നിരിക്കെയായിരുന്നു നടപടി. മലമ്പുഴ വെള്ളമുപയോഗിച്ച് പ്രതിദിനം 12.5 ദശലക്ഷം ലിറ്റർ വെള്ളം നൽകാവുന്ന തരത്തിൽ കിൻഫ്രക്കുവേണ്ടി പ്ലാന്റ് നിർമിക്കാനുള്ള അനുമതിയായിരുന്നു ആവശ്യം. കിൻഫ്രക്ക് വേണ്ടിയായതിനാൽ പരിഗണിക്കാമെന്ന മറുപടി ജല അതോറിറ്റി നൽകി. അതേസമയം, ആദ്യഘട്ടമായി ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്ലിങ് യൂനിറ്റ്, രണ്ടാംഘട്ടം എഥനോൾ ഉൽപാദനം, മൂന്നാംഘട്ടം മാൾട്ട് സ്പിരിറ്റ് -ബ്രാൻഡി-വൈനറി പ്ലാന്റ്, നാലാംഘട്ടം ബ്രൂവറി എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
ഇതിൽ എഥനോൾ യൂനിറ്റ് ഒഴികെയുള്ള വിവരങ്ങൾ ജല അതോറിറ്റിയെ അറിയിച്ചില്ല. എലപ്പുള്ളിയില്‍ അനുമതി നല്കിയ മദ്യക്കമ്പനിക്ക് സര്‍ക്കാര്‍ വെള്ളം നല്‍കുമെന്ന് പറയുന്ന ജലസംഭരണി ഇനിയും നിർമിച്ചിട്ടില്ല. അതേസമയം, പദ്ധതിക്കാവശ്യമായ വെള്ളം നല്കാന് ജല അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. ഇതിനുപുറമെ മഴവെള്ള സംഭരണവും പറയുന്നുണ്ട്.
കിന്‍ഫ്രക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ (എം.എല്‍.ഡി.) വെള്ളം മലമ്പുഴയില്‍നിന്ന് അനുവദിച്ചത് 2015ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ്. 20 എം.എല്‍.ഡി വെള്ളമാണ് പ്രതിദിനം ആവശ്യപ്പെട്ടത്. കാര്ഷികാവശ്യവും കുടിവെള്ളവും കഴിഞ്ഞ് ഇത്രയും ജലം നല്‍കാനാവില്ലെന്ന് വിശദമാക്കിയാണ് പ്രതിദിനം 10 എം.എല്‍.ഡി വെള്ളം നൽകാന് അന്ന് ധാരണയായത്. വ്യവസായ ഇടനാഴി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരുന്നതിനാല്‍ 10 എം.എല്‍.ഡി ലഭിക്കുന്നതുതന്നെ കിന്‍ഫ്രയുടെ ആവശ്യങ്ങള്‍ക്ക് തികയാതെ വന്നേക്കുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

