മിഷേലിെൻറ മരണം: ബന്ധുവായ യുവാവ് അറസ്റ്റിൽ
text_fieldsകൊച്ചി/തിരുവനന്തപുരം: കൊച്ചിയിൽ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേൽ (18) ജീവൻ ഒടുക്കിയതുതന്നെയെന്ന് പൊലീസ്. അകന്ന ബന്ധുവായ യുവാവിെൻറ ഭീഷണിയെത്തുടർന്നുള്ള സമ്മർദം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. അയൽക്കാരൻ കൂടിയായ പിറവം േമാളയിൽ ക്രോണിൽ അലക്സാണ്ടർ ബേബി (26)ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. യുവാവിനോടുണ്ടായിരുന്ന സൗഹൃദം മറ്റ് ബന്ധങ്ങളിലെത്തുന്നത് പെൺകുട്ടി ഭയപ്പെട്ടിരുന്നു. ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് തുറന്നുപറയുകയും ചെയ്തു.
എന്നാൽ, ഇതിന് സമ്മതിക്കാതെ സമ്മർദത്തിലാക്കുകയാണ് യുവാവ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇടക്ക് ഛത്തിസ്ഗഢിലേക്ക് പോയ യുവാവ് നിരന്തരം ഫോൺചെയ്ത് ശല്യപ്പെടുത്തി. മാസങ്ങൾക്കുമുമ്പ് കലൂർ പള്ളിക്ക് സമീപം വെച്ചാണ് മിഷേലിനെ യുവാവ് അവസാനം ഉപദ്രവിച്ചത്. മൊബൈലിൽ ഭീഷണി സന്ദേശങ്ങളും സ്ഥിരമായിരുന്നു. കലൂർ പള്ളിക്ക് സമീപം സി.സി ടി.വി ദൃശ്യങ്ങളിൽ കാണപ്പെട്ട യുവാക്കൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് എറണാകുളം സെൻട്രൽ സി.െഎ അനന്തലാൽ പറഞ്ഞു. മിഷേൽ, പിറവം ഇലഞ്ഞി പെരിപ്പുറം സ്വദേശി ഷാജിയുടെ മകളാണ്.
അതിനിടെ, ദുരൂഹമരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിെൻറ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് അറിയിച്ചു. രക്ഷാകർത്താക്കളും മറ്റും പരാതിയുമായി എത്തിയിട്ടും പൊലീസ് സ്റ്റേഷനിൽ വാങ്ങിയില്ലെന്ന പരാതിയും അന്വേഷിക്കും. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി അനൂപ് ജേക്കബ് നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മിഷേൽ ആത്മഹത്യ ചെയ്യില്ല; മകളുടെ കൊലയാളികളെ കണ്ടെത്തണം -ഷാജി
പിറവം: ‘എെൻറ മകൾ ആത്മഹത്യ ചെയ്യില്ല. അങ്ങനെ ചെയ്യേണ്ട സാഹചര്യവും അവൾക്കില്ല. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന പൊലീസ് അവരുടെ നിഷ്ക്രിയത്വത്തിന് കാരണം കണ്ടെത്താൻ ശ്രമിക്കുന്നുവെന്ന് മാത്രം. ഞാനുറച്ച് വിശ്വസിക്കുന്നു, എെൻറ മകളെ കൊലപ്പെടുത്തി കായലിൽ തള്ളിയതാണ്. ആത്മഹത്യചെയ്യുേമ്പാൾ മാത്രമല്ലല്ലോ വെള്ളം ഉള്ളിൽ ചെന്നുള്ള മരണം സംഭവിക്കുക. രണ്ടാഴ്ച മുമ്പ് വഴിയിൽതടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ യുവാവിനെയും കലൂർ പള്ളിയുടെ മുന്നിൽ മിഷേലിനെ നിരീക്ഷിച്ച് പിന്തുടരാൻ ശ്രമിച്ച യുവാക്കളെയും പ്രണയാഭ്യർഥന നടത്തി നിരന്തരംശല്യംചെയ്ത യുവാവിനെയും വിശദമായി ചോദ്യംചെയ്താൽ തെളിവ് ലഭിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്’ ^പിതാവ് ഷാജി അർഥശങ്കക്കിടയില്ലാത്ത വിധം ആവർത്തിച്ചു.
എറണാകുളം സെൻട്രൽ പൊലീസ് തികഞ്ഞ അലംഭാവം കാണിച്ചതായി ഷാജി ആരോപിച്ചു. മാർച്ച് അഞ്ചിന് രാത്രി എട്ടിനു തന്നെ മിഷേലിെൻറ തിരോധാനം പൊലീസിെൻറ ശ്രദ്ധയിൽപ്പെടുത്തി. രാത്രി 11 മണിക്ക് നേരിട്ട് പരാതിയുംനൽകി. എെൻറ മകൾ ആത്മഹത്യ ചെയ്തതാണെന്ന് പറയുന്ന പൊലീസ് എന്തിന് അവൾ ആത്മഹത്യചെയ്യണമെന്ന ചോദ്യത്തിന് മറുപടി പറയണം. അവളെങ്ങനെ കൊച്ചി കായലിലെത്തി? എപ്പോെഴത്തി? ഇതെല്ലാം കണ്ടെത്താനുള്ള ബാധ്യത പൊലീസിനാണ്. അതിനു പകരം ആത്മഹത്യയാണെന്ന് റിപ്പോർട്ട് എഴുതി കേസ് അവസാനിപ്പിച്ചാൽ രക്ഷപ്പെടുന്നത് കൊലയാളികളായിരിക്കും. ഇത് ഞങ്ങളുടെ മാത്രം പ്രശ്നമായി കാണരുത്. പെൺമക്കളുള്ള ഏതൊരു മാതാപിതാക്കൾക്കും സഹോദരിമാർക്കും സംഭവിക്കാവുന്ന പ്രശ്നമായി കാണണം.
ഇവിടെ പെൺകുട്ടികൾ സുരക്ഷിതരല്ല. ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാത്രം കൊണ്ട് ആത്മഹത്യയോ കൊലപാതകമോയെന്ന് തീർപ്പാക്കാനാവുകയില്ല. അശ്രദ്ധയോടെ തയാറാക്കിയ എത്രയോ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ ചരിത്രമുണ്ട് നമ്മുടെ നാട്ടിൽ. നിരവധി റിപ്പോർട്ടുകൾ സത്യവിരുദ്ധമെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണമാണ് ആവശ്യം.കുറ്റവാളികളെ കണ്ടെത്തുന്നതുവരെ ശക്തമായി ധൈര്യമായി നിൽക്കണമെന്നുപറഞ്ഞ് ധാരാളം പേർ പിന്തുണ അറിയിച്ചിട്ടുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ മുൻവിധിയോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
