രോഗിയെ തലകീഴായി കിടത്തിയ സംഭവം: ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
text_fieldsമുളങ്കുന്നത്തുകാവ്(തൃശൂർ): ഗവ. മെഡിക്കല്‍ കോളജില്‍ രോഗിയെ തലകീഴായി നിര്‍ത്തിയ സംഭവത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെയാണ് രോഗിയെ മെഡിക്കൽ കോളജിൽ കൊണ്ടുവന്നതെന്ന് തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. ബിജുകൃഷ്ണൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയായിട്ടും ആംബുലൻസ് ഡ്രൈവർ അലാറം മുഴക്കാൻ തയ്യാറായില്ലെന്നും രോഗിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടാതെയാണ് ഡ്രൈവർ പെരുമാറിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ ജീവനക്കാർ എത്തുന്നതിന് മുമ്പുതന്നെ ആംബുലൻസ് ഡ്രൈവർ അശ്രദ്ധമായി രോഗിയെ ഇറക്കാൻ ശ്രമിച്ചത്രെ. വാഹനത്തിൽ മലമൂത്ര വിസർജനം നടത്തിയതിെൻറ ദേഷ്യത്തിലാണ് ഡ്രൈവർ രോഗിയെ ഇറക്കിയതെന്നും രോഗിയുടെ തലച്ചോറിനടക്കം ഗുരുതര പരിക്കുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ പുറത്തേക്ക് ഇറക്കാൻ ആവശ്യമായ ജിവനക്കാര്‍ ഇല്ലാത്തതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിൽ പരാമര്‍ശമില്ലാത്തത് തർക്കമായി.
അത്യാഹിത വിഭാഗത്തില്‍ സ്ഥിരമായി നാല് ജീവനക്കാര്‍ രോഗികളെ വാഹനങ്ങളില്‍ നിന്നും ഇറക്കാനും കയറ്റാനും വേണമെന്നും ആംബുലന്‍സുകള്‍ ആശുപത്രിയുടെ നൂറുമീറ്റര്‍ അകലെ വെച്ച് അലാറം ഓഫാക്കണമെന്നുമാണ് നിയമമെന്ന് ഡ്രൈവർമാർ പറയുന്നു. ജീവനക്കാര്‍ ഇല്ലാത്ത കാര്യം റിപ്പോർട്ടിൽ മൂടിവെച്ചു എന്നാണ് ഒരു ആരോപണം.
അലാറം ഓഫാക്കണമെന്ന നിയമത്തെ കുറിച്ച് സൂപ്രണ്ടിന് ധാരണയില്ലാത്തതാണ് അലാറം അടിച്ചില്ല എന്ന് പറയാൻ കാരണമത്രെ. ശബ്ദം കേട്ട് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഹാര്‍ട്ട് അറ്റാക്കും മറ്റു അസ്വസ്ഥതകളും ഉണ്ടാകുമെന്നത് കൊണ്ടാണ് ഈ നിയമം.
അത്കൊണ്ട് പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ അലാറം അടിക്കാതെയാണ് ആശുപത്രി ഗേറ്റ് കടക്കാറുള്ളതത്രെ. ആംബുലൻസ് ഡ്രൈവറുടെ തലയിൽ മാത്രം കുറ്റം ചുമത്തി അത്യാഹിത വിഭാഗത്തിലെ ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാത്തത് പൊലീസിനും തലവേദനയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയും പത്രദൃശ്യങ്ങള് വഴി ഇയാളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആരും എത്താത്തത് പ്രതിസന്ധിയായിരിക്കുകയാണ്. ഇന്ന് മെഡിക്കല്‍ കോളജില്‍ മൃതേദഹം പോസ്റ്റ്മോർട്ടം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.