Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരം നടത്തിപ്പിലുണ്ടായ...

പൂരം നടത്തിപ്പിലുണ്ടായ വീഴ്ച; തൃശൂർ പൊലീസ് കമീഷണറെ മാറ്റും

text_fields
bookmark_border
പൂരം നടത്തിപ്പിലുണ്ടായ വീഴ്ച; തൃശൂർ പൊലീസ് കമീഷണറെ മാറ്റും
cancel

തിരുവനന്തപുരം: തൃശൂർ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണം കത്തിപ്പടരുന്നതിനിടെ നടപടിയുമായി സർക്കാർ. ആരോപണവിധേയനായ തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോക്, അസി. കമീഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലംമാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പൊലീസിനെതിരെ ഉയർന്ന പരാതികൾ ഡി.ജി.പി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച പരാതി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേക്കുറിച്ച് ദേവസ്വത്തിന്റെ പരാതി തന്റെ ഓഫിസിൽ എത്തിയിട്ടുണ്ട്. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിയോട് നിർദേശിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്കെതിരെ സ്വീകരിച്ച ചില നടപടികളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂരം വിവാദം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നടപടിക്ക് നിർദേശിച്ചത്.

സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിനെയും അസി. കമീഷണർ സുദർശനെയും സ്ഥലംമാറ്റാൻ ഉടൻ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും. അനുമതി ലഭിച്ചാൽ അങ്കിത് അശോകിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തിയേക്കും. ആനകൾക്ക് പട്ട നൽകാൻ പോയവരെയും കുടയുമായി അകത്ത് കടക്കാൻ ശ്രമിച്ചവരെയുമെല്ലാം കമീഷണറുടെ നേതൃത്വത്തിൽ പൊലീസുകാർ തടയുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു.

പൊലീസ് നടപടികളിൽ പൂരത്തിന്‍റെ പ്രഭ മങ്ങിയതോടെ, യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പൂരപ്രേമികളും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകളും ശക്തമായ നിലപാടെടുത്തിരുന്നു.

മുഖ്യ ഉത്തരവാദി കമീഷണറെന്ന് സ്പെഷൽ ബ്രാഞ്ച്

തൃശൂർ: പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമീഷണറാണെന്ന് വ്യക്തമാക്കി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. കമീഷണറുടെ നടപടിയിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ജില്ല കലക്ടറും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് വിവരം.

സാധാരണ പൂരവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കം പങ്കെടുത്ത് വിവിധ തലത്തിലുള്ള യോഗങ്ങൾ ചേരുന്നതിനൊപ്പം സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസും പ്രത്യേകം യോഗം ചേരാറുണ്ട്. പൊലീസ് അക്കാദമി, എ.ആർ ക്യാമ്പ് എന്നിവയിൽനിന്നടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 3500ഓളം പൊലീസുകാരെയാണ് പൂരം ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ഡിവൈ.എസ്.പിക്ക് കീഴിൽ സോണുകളാക്കി തിരിച്ചാണ് ഇവർക്ക് ഡ്യൂട്ടി നൽകുക.

സേനാംഗങ്ങൾക്ക് ഡ്യൂട്ടി സംബന്ധിച്ച് വിശദീകരണം നൽകാൻ യോഗങ്ങൾ ചേരാറുണ്ട്. ഇത്തവണ മേലുദ്യോഗസ്ഥർക്ക് മാത്രമാണ് ഈ വിശദീകരണ യോഗം നടന്നത്. മറ്റുള്ളവർക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗവും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ട് വാങ്ങിയിട്ടില്ലെന്ന് പറയുന്നു. ഇതോടെ വനിത ഉദ്യോഗസ്ഥരടക്കമുള്ളവരാണ് വലഞ്ഞത്. അനിഷ്ട സംഭവങ്ങളിൽ പൊലീസ് സേനയിലുള്ളവരും കടുത്ത അമർഷത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur PooramThrissur Police CommissionerAnkit Asokan
Next Story