Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സെലക്ടീവായി...

‘സെലക്ടീവായി വിലയിരുത്തേണ്ടതല്ല മനുഷ്യരനുഭവിക്കുന്ന ഭരണകൂട ഭീകരത’; മിസ നാടക വിവാദത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ ഡോ.ജിന്റോ ജോൺ

text_fields
bookmark_border
Jinto John reacting to the MISA drama costume controversy and human rights discussions in Kerala
cancel
camera_alt

ഡോ.ജിന്റോ ജോൺ

കൊച്ചി: ഡിവൈഎഫ്ഐ സംഘടിപ്പിച്ച 'മിസ' നാടകത്തിലെ നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലി ഉയർന്ന സദാചാരപരമായ അധിക്ഷേപങ്ങളെ തള്ളിക്കളഞ്ഞ്, നാടകത്തിന് പിന്നിലെ ചരിത്രപരമായ യാഥാർത്ഥ്യങ്ങളും രാഷ്ട്രീയവും ചർച്ചയാക്കണമെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയുടെ ഇരയായി മാറിയ സ്നേഹലത റെഡ്ഡിയുടെ ത്യാഗനിർഭരമായ ഓർമകളിലാണ് നാടകത്തിന്റെ കാമ്പെന്നും, അതിനെ വസ്ത്രത്തിന്റെ നീളത്തിലേക്ക് ഒതുക്കുന്ന സങ്കുചിത മനസ്ഥിതി അപലപനീയമാണെന്നും ചൂണ്ടിക്കാട്ടുന്നതിനൊപ്പം, ഇടതുപക്ഷത്തിന്റെ സെലക്ടീവ് രാഷ്ട്രീയ സമീപനങ്ങളെയും ഫേസ്ബുക് പോസ്റ്റിലൂടെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ, പുസ്തകം വായിച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും, ലോക്കപ്പ് മരണങ്ങൾ, കൂടാതെ സിദ്ധാർത്ഥൻ, ജിഷ്ണു പ്രണോയ്, അട്ടപ്പാടിയിലെ മധു, വാളയാർ-വണ്ടിപ്പെരിയാർ കേസുകളിലെ ഇരകൾ എന്നിവരുടെ ജീവിതാനുഭവങ്ങളും അരങ്ങിൽ വിചാരണ ചെയ്യപ്പെടേണ്ടതുണ്ടെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഇന്നത്തെ ഉമർ ഖാലിദും അന്നത്തെ സ്നേഹലതയും ശരി തന്നെയായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ചതുരക്കളത്തിൽ നിന്നുകൊണ്ട് മാത്രം സെലക്ടീവായി വിലയിരുത്തേണ്ടതല്ല മനുഷ്യരനുഭവിക്കുന്ന ഭരണകൂട ഭീകരതയെന്നും ജിന്റോ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

നമുക്ക് പരിചയമില്ലാത്തതൊക്കെയും കളവാണെന്ന് കരുതുന്നത് തന്നെ ആധുനിക ജനാധിപത്യ കാഴ്ചപ്പാടിൽ തെറ്റാണ്. ഓരോരുത്തരുടേയും ജീവിതാനുഭവങ്ങളെ സെലക്ടീവാകാതെ, സഹാനുഭൂതിയോടെ സമീപിക്കുക എന്നതും മാനവികതയാണ്. പറഞ്ഞുവരുന്നത് 'മിസ' നാടകത്തെ കുറിച്ചാണ്.

സ്നേഹലത റെഡ്ഡിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് തന്നെ ഏറ്റവും പ്രിയപ്പെട്ട യൂറ്റ്യൂബർമാരിൽ ഒരാളായ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യിലൂടെയാണ്. ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുൻപ്. പിന്നീടുള്ള റഫറൻസുകളിലും ഒരുപാട് വേദനിപ്പിച്ച പേരാണ് സ്നേഹലത റെഡ്ഡി. ചരിത്രവും രേഖകളും പരിശോധിക്കുമ്പോൾ മിസ നാടകത്തിന്റെ രംഗാവിഷ്കാരം പോലും എത്ര പരിമിതമായാണ് അവരനുഭവിച്ച വേദനയും ക്രൂരതയും അവതരിപ്പിക്കുന്നത്! നാടകത്തിലെ വസ്ത്രത്തിന്റെ നീളക്കുറവിൽ അല്ല, ആ നാടകത്തിന്റെ കാമ്പുള്ളത് സ്നേഹലതയുടെ ഓർമ്മകളിലാണ്. 'ബലാത്സംഗ സീൻ' ആയിരുന്നെങ്കിൽ എങ്ങനെ അവതരിപ്പിക്കുമായിരുന്നു എന്ന പുച്ഛം കലർന്ന കാമകണ്ണില്ലാതെ കലയെ കാണാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

അടിയന്തരാവസ്ഥയുടെ കാരണങ്ങൾ തേടി പോയാൽ ഇന്ദിരയുടെ അധികാരമോഹവും ഏകാധിപത്യ സ്വഭാവവുമെന്ന ചുരുക്കപ്പെട്ട ആഖ്യാനങ്ങളിൽ നിന്ന് കുറേക്കൂടി വിപുലമായ കാര്യങ്ങൾ കാണാൻ കഴിയും. അതുകൊണ്ട് അന്നത്തെ ഇന്ത്യയിൽ അതൊരു ഭരണഘടനാപരമായ 'necessary evil' എന്ന് കരുതുമ്പോൾ തന്നെ, ഒരുതരത്തിലും ന്യായീകരിക്കാൻ ആകാത്തതാണ് നിരപരാധികളായ മനുഷ്യരനുഭവിച്ച കൊടിയ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും. അതിനെല്ലാം കൂടി കാരണമായി കുറ്റങ്ങൾ ഇന്ദിരയെന്ന ഒറ്റ ഒരാളിലേക്ക് ചുരുക്കുമ്പോൾ ഒരുതരത്തിൽ ചരിത്രതമസ്കരണം കൂടിയാണത്. വീണുകിട്ടിയ അവസരത്തിൽ ഓരോ സംസ്ഥാനങ്ങളിലും പ്രാദേശികമായി അമിതാധികാര പ്രയോഗത്തിന്റെ വക്താക്കളായി മാറിയ ഭരണകർത്താക്കളുടെ, പ്രമാണിമാരുടെ, പോലീസിന്റെ ക്രൂരതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. അടിയന്തരാവസ്ഥയുടെ ഓർമ്മകളും സിഖ് വിരുദ്ധ കലാപത്തിന്റെ കുരുതികളും ബാബറി മസ്ജിദിന്റെ തകർച്ചയും കണ്ടില്ലെന്ന് നടിച്ചല്ല ചരിത്രത്തെ വിലയിരുത്തേണ്ടത്. അതിനെല്ലാം കാരണമായി ഏതെങ്കിലും ഒറ്റ പ്രതികളിലേക്ക് ചുരുക്കിയുമല്ല ചരിത്രം വായിക്കേണ്ടതും.

മിസ നാടകത്തിലെ വസ്ത്രവിളുമ്പിൽ തട്ടി നിൽക്കാതെ രാഷ്ട്രീയ വായന മുന്നോട്ട് നീങ്ങട്ടെ. ഡിവൈഎഫ്ഐയുടെ ഈ ശ്രമത്തെ പിന്തുണയ്ക്കുന്നു. പക്ഷേ കഴിഞ്ഞ 10 വർഷങ്ങളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ കണക്കേയുള്ള പിണറായി ഭരണം കൂടി രംഗാവിഷ്കാരം നടത്തണമെന്ന് ഒരു വിനീത അഭ്യർത്ഥനയുമുണ്ട്. ഫാദർ സ്റ്റാൻ സ്വാമിയും ഗൗരി ലങ്കേഷുമൊക്കെ വേദിയിൽ എത്തുമെന്ന് അറിയുന്നു. നല്ലതെന്ന് ആത്മാർത്ഥമായി പറയുന്നു. പക്ഷേ, 'ഭരിക്കുന്നത് ഞങ്ങളെങ്കിലും ഭരണകൂടം മോദിയുടേത്' എന്ന് പറഞ്ഞ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പോലും പിന്തുണച്ച പരിധിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കേരളത്തിലെ കഴിഞ്ഞ 10 വർഷങ്ങൾ കൂടി അവതരിപ്പിക്കണം. മോദിയുടേത് ഫാസിസ്റ്റ് ഭരണകൂടമല്ല, ലക്ഷ്ണമേയുള്ളൂ, ഫാസിസം ഇന്ത്യയിൽ ഇനിയും എത്തിയിട്ടില്ല, നാഗ്പൂരിൽ നിന്ന് ടാക്സി പിടിച്ചിട്ടേയുള്ളൂ എന്നതുപോലുള്ള രാഷ്ട്രീയം പറഞ്ഞ സിപിഎം കൂടി ഓഡിറ്റ് ചെയ്യപ്പെടണം.

ഗുജറാത്ത് മോഡൽ വ്യാജ ഏറ്റുമുട്ടൽ കൊലയിലൂടെ നടത്തിയ മാവോയിസ്റ്റ് വേട്ടയും പോയിന്റ്ബ്ലാങ്കിൽ വെടിയേറ്റ് കൊല്ലപ്പെട്ട അജിതയും സിപി ജലീലും കുപ്പുസ്വാമിയും ഒക്കെ ചർച്ചയാകപ്പെണം. പുസ്തകം വായിച്ചതിന് യുഎപിഎ കേസിൽ ജയിലിലായ നിങ്ങളുടെ തന്നെ മുൻ സഹപ്രവർത്തകരായ അലനും താഹയും രംഗാവിഷ്കാരമാകട്ടെ. പിണറായിയുടെ പത്തുവർഷങ്ങളിൽ ലോക്കപ്പിൽ കൊല്ലപ്പെട്ട 18 മനുഷ്യരുടേയും പോലീസ് ക്രൂരതകൾ ഏറ്റുവാങ്ങി ലോക്കപ്പിന് പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 49 പേരുടേയും ജീവിതകഥകൾ അരങ്ങിലെത്തട്ടെ. ഒരു പുസ്തകവും ഒരു മീറ്റിങ്ങിന്റെ നോട്ടീസും നീട്ടി വളർത്തിയ താടിയും പേരുകൾ പോലും സംശയത്തിനിടപോലും നൽകാത്തവിധം ജയിലിലടച്ച മനുഷ്യരും വേദിയിലെത്തി കഥകൾ (ജീവിതം) പറയട്ടെ.

എതിർക്കാനുള്ള അവകാശം മാത്രമല്ല, സാമാന്യ പൗരാവകാശവും ജനാധിപത്യാവകാശവും മൗലികാവകാശവും നിഷേധിക്കപ്പെട്ട സമീപ ഭൂതകാല അടിയന്തരാവസ്ഥയും ഓർമിപ്പിക്കപ്പെടണമല്ലോ. പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥന്റേയും ജിഷ്ണു പ്രാണോയിയുടേയും അട്ടപ്പാടിയിലെ മധുവിന്റേയും വണ്ടിപ്പെരിയാറിലേയും വാളയാറിലേയും പെൺകുട്ടികളുടേയും... ഇങ്ങനെ കുറെ മനുഷ്യജീവികൾ ഓർമ്മിപ്പിക്കുന്ന ജീവിതകഥയിലെ പ്രതികളും അവരുടെ സംരക്ഷകരും ഇന്നും സ്വസ്ഥമായി വിഹരിക്കുന്ന നാട്ടിൽ 50 വർഷം മുൻപത്തെ കാര്യങ്ങൾ മാത്രമല്ല ആനുകാലിക ജീവിതങ്ങൾ കൂടി ചർച്ചയാക്കപ്പെടണം.

പ്രാകൃത നിയമവാഴ്ചയുടെ ആ പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ നിഷ്ഠൂരമാണ് സമീപ ഭൂതകാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ. പൗരാവകാശ മനുഷ്യാവകാശ ചിന്തകളിൽ, ശാസ്ത്രസാങ്കേതിക സൗകര്യങ്ങളിൽ, അറിവനുഭവങ്ങളിൽ ഒരുപാട് മുന്നേറിയെന്ന് അവകാശപ്പെടുന്ന ഈ സമൂഹത്തിൽ അന്നത്തേതിനെ നാണിപ്പിക്കുന്ന അതിക്രമങ്ങൾ നടന്നപ്പോൾ നിങ്ങൾ മറന്ന സ്നേഹലത റെഡ്ഡി ഇപ്പോൾ നിങ്ങൾക്ക് കേവലമൊരു അവസരവാദ രാഷ്ട്രീയം മാത്രമാണ്. തോൽക്കുമ്പോൾ മാത്രം ഓർക്കപ്പെടുന്ന സ്നേഹലതയും സഫ്ദർ ഹാഷ്മിമാരേയും നിങ്ങൾക്ക് അന്യംവന്നത് പാർട്ടിക്കൊടിക്കീഴിൽ അരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ 10 വർഷങ്ങൾ കണ്ടില്ലെന്ന് നടിച്ച് പുകഴ്ത്തുപാട്ടുകൾക്ക് കോളാമ്പി ആയതുകൊണ്ടാണ്. നിങ്ങൾ ജീവിതവും ജീവനും നിഷേധിച്ച ടിപി ചന്ദ്രശേഖരനെ പോലുള്ളവരും മനുഷ്യരായിരുന്നു. പയ്യന്നൂരിലെ എംഎൽഎ കുഞ്ഞുകൃഷ്ണന്റെ പേരെഴുതിയ മതിൽ വരെ പൊളിച്ചവർ അത് തിരുത്തിയിട്ട് നാടകം നടത്തിയിരുന്നെങ്കിൽ കൂടുതൽ ഭംഗിയായേനെ.

എല്ലാ കാലത്തും എല്ലായിടത്തും അധികാരവും ഭരണകൂടവും പോലീസും രചിക്കുന്ന ഭാഷ്യങ്ങൾ മാത്രമാണ് ശരിയെന്ന് കരുതുന്നതും ന്യായീകരിക്കുന്നതും ഒരുതരത്തിലും മാനവികമാകില്ല. സത്യമാകില്ല. സ്നേഹലത റെഡ്ഡിയുടേത് ഉൾപ്പെടെ ഒട്ടനേകം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ടല്ലോ. ബോംബാക്രമണ ഗൂഢാലോചന കേസിൽ അവരുടെ പേര് പോലുമില്ലാതെ കൊടുത്ത ചാർജ് ഷീറ്റ് ഒരുതരത്തിൽ ഭരണകൂട പരിപ്രേക്ഷ്യങ്ങളെ തന്നെ റദ്ദ് ചെയ്യുന്നതാണ്. എന്നുവച്ച് സായുധ പോരാട്ടത്തിലൂടേയും ഭരണഘടന അട്ടിമറിയിലൂടേയും സമാധാനവും സുസ്ഥിര ഭരണവുമുണ്ടാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നതും ശരിയാകില്ല. ജനാധിപത്യം എതിർ ശബ്ദങ്ങളെ കേൾക്കാനും ഉൾക്കൊള്ളാനും ഉള്ളതാണ്. ചരിത്രാനുഭവങ്ങൾ പഠിപ്പിക്കുന്നതും അതുതന്നെയാണ്.

അന്ന് സ്നേഹലത റെഡ്ഡി തെറ്റായിരുന്നുവെന്നും അവരുടെ ജയിലനുഭവങ്ങൾ കളവായിരുന്നുവെന്നും കഥ മെനയുന്നവർ ഇന്നെങ്ങനെ ഫാ. സ്റ്റാൻ സ്വാമിയേയും ഉമർ ഖാലിദുമാരെയും ശരിയായി പറയും? ഇന്നത്തെ ഉമർ ഖാലിദും അന്നത്തെ സ്നേഹലതയും ശരി തന്നെയായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ചതുരക്കളത്തിൽ നിന്നുകൊണ്ട് മാത്രം സെലക്ടീവായി വിലയിരുത്തേണ്ടതല്ല മനുഷ്യരനുഭവിക്കുന്ന ഭരണകൂട ഭീകരത. ചരിത്രത്തെ ഒരു ഒറ്റപ്പെട്ട പോയിന്റായി മാത്രം കണ്ടുകൂടാ. മുന്നോട്ടു പിന്നോട്ടും പുനർവായന നടത്തണം. 50 കൊല്ലം മുൻപത്തെ അടിയന്തരാവസ്ഥ കാണുകയും ഇന്ദിരയെ വിമർശിക്കുകയും ജ്യോതിബസുവിനേയും ബുദ്ധദേവ് ഭട്ടാചാര്യയേയും പിണറായി വിജയനേയും കാണാതിരിക്കുകയും മോദി ഭരണത്തിൽ ഫാസിസം വന്നില്ലെന്ന് പറയുന്നതുമെല്ലാം യഥാർത്ഥ പൗരാവകാശ ബോധമല്ല കേവലമായ കക്ഷിരാഷ്ട്രീയ താൽപര്യം മാത്രമാണ്.

സംഘാടകർക്കോ, ആ വേദിക്ക് മുന്നിലിരുന്നവർക്കോ പിണറായി കാലത്തെ കാണാനാകാത്ത അന്ധതയുള്ളത് കൊണ്ട് കേവലമായി അവതരിപ്പിക്കപ്പെട്ട് പോകുമായിരുന്ന ഒരു നാടകത്തെ ഇത്രയധികം ചർച്ചയാക്കിയ സദാചാര പോലീസ് ദൃഷ്ടികൾക്ക് വന്ദനം കപട ആത്മാർത്ഥതയുടെ നേർസാക്ഷ്യമായ സംഘാടകർക്ക് കൂപ്പുകൈ. വസ്ത്രവിളുമ്പിൽ തകർന്നു പോകുന്ന സങ്കുചിത രാഷ്ട്രീയ മനസ്ഥിതിക്ക് നല്ല നമസ്കാരം

കക്ഷിരാഷ്ട്രീയത്തിന്റെ കുടില താല്പര്യങ്ങൾ ഇല്ലാത്ത കലയോട് പൂർണ്ണ പിന്തുണ. രംഗാവിഷ്കരണത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ട കലാകാരിക്കും പിന്തുണ. കപട രാഷ്ട്രീയത്തിന്റെ അർദ്ധക്കാഴ്ചകളോട് പൂർണ്ണവിയോജിപ്പും. നമുക്ക് കുറേകൂടി സത്യസന്ധമായും ആത്മാർത്ഥമായും ഈ കാലത്തോട് സംവദിച്ചാൽ എന്താണ് കുഴപ്പം? അവനവനോട് ചോദിച്ചു ഇതിനുത്തരം കണ്ടെത്തിയിട്ട് പോരേ നാടകങ്ങൾ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIfacebookpostJinto John
News Summary - MISA Play Controversy: Focus on Snehalatha Reddy's Legacy, Not Costume; Left Faces Heat Over Double Standards
Next Story