ശക്തമായ സാന്നിധ്യമറിയിച്ച് ന്യൂനപക്ഷ പാർട്ടികൾ
text_fieldsമലപ്പുറം നഗരസഭയിലെ മുതുവത്ത് വാർഡിൽ വെൽഫയർ പാർട്ടിയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
കോഴിക്കോട്: ന്യൂനപക്ഷ പാർട്ടികൾക്കെതിരെ വർഗീയ ആരോപണം ഉയർത്തി കാടിളക്കിയ സി.പി.എമ്മിന്‍റെ കരണത്തേറ്റ അടിയായി തെരഞ്ഞെടുപ്പ് ഫലം. ഇത്തവണ യു.ഡി.എഫിനെ പിന്തുണച്ച വെൽഫെയർ പാർട്ടിയെ മുൻനിർത്തിയാണ് സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് ഏറ്റെടുത്ത് നടത്തിയ പ്രചാരണങ്ങൾ വോട്ടർമാർക്കിടയിൽ ഏശിയില്ലെന്നാണ് ഫലം നൽകുന്ന ചിത്രം.
തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഉണ്ടാകാതിരുന്ന ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രചാരണം. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിലെ ചില നേതാക്കൾ സി.പി.എം പ്രചാരണം ഏറ്റുപിടിച്ചെങ്കിലും മലബാറിൽ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വെൽഫെയർ പാർട്ടിക്ക് 75 ജനപ്രതിനിധികളെ വിജയിപ്പിക്കാനായി. മലപ്പുറത്ത് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ 16 നഗരസഭ സീറ്റുകളും പാർട്ടി കരസ്ഥമാക്കി. 56 ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പാർട്ടിക്കുണ്ട്. ഇതിൽ ചില പ്രദേശങ്ങളിൽ പാർട്ടി ഒറ്റക്ക് മത്സരിച്ച് നേടിയതും ഉൾപ്പെടും.
മലബാറിൽ നിറം മങ്ങിയ എസ്.ഡി.പി.ഐ തെക്കൻ മേഖലയിൽ നില മെച്ചപ്പെടുത്തി. ഒറ്റക്ക് മത്സരിച്ച എസ്.ഡി.പി.ഐക്ക് ഇത്തവണ 102 ജനപ്രതിനിധികളുണ്ട്. കൊല്ലം കോർപറേഷനിൽ സീറ്റ് നിലനിർത്തിയ പാർട്ടി കണ്ണൂർ കോർപറേഷനിൽ പുതിയ ഒരു സീറ്റ് നേടിയത് ലീഗിനെ തോൽപിച്ചാണ്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഒരു ബ്ലോക്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ മുനിസിപ്പാലിറ്റികളിലായി എട്ടിടത്തും ഗ്രാമ പഞ്ചായത്തിൽ 91 വാർഡുകളിലൂം പാർട്ടി വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

