വർഗീയ പരാമർശം; രാഗേഷിനെയും പിണറായിയെയും തള്ളി നാഷണൽ ലീഗ്
text_fieldsകോഴിക്കോട്: ന്യൂനപക്ഷ വർഗീയത തിമർത്താടിയതാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം സമ്മാനിച്ചതെന്ന് പറഞ്ഞ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെയും പിന്തുണച്ച പിണറായി വിജയനെയും തള്ളി എൽ.ഡി.എഫിനെ പിന്തുണക്കുന്ന നാഷണൽ ലീഗ്. രാഗേഷിന്റെ പ്രസ്താവന അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പറഞ്ഞു.
മതവർഗീയത ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നെങ്കിൽ തലശ്ശേരിയിൽ കാരായി രാജൻ ജയിക്കില്ലായിരുന്നു. ഫസൽ വധക്കേസിൽ ആരോപണവിധേയനായ ആളാണ് കാരായി രാജൻ. തലശ്ശേരിയിൽ വൻ വിജയമാണ് അദ്ദേഹം നേടിയത്. വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് കാരായി രാജന്റെ വിജയം കാണിക്കുന്നതെന്നും അസീസ് പറഞ്ഞു.
കേരളത്തിൽ ന്യൂനപക്ഷത്തിന് ഒട്ടും സ്വാധീനമില്ലാത്ത പല മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചിട്ടുണ്ട്. അവിടെയൊന്നും ന്യൂനപക്ഷ വർഗീയത തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടില്ലെന്നും അബ്ദുൽ അസീസ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത തിമർത്താടിയെന്നും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനായി സ്ട്രാറ്റജിക് വോട്ടിങ് നടന്നുവെന്നും രാഗേഷ് ആരോപിച്ചിരുന്നു. ഇതിന് ബി.ജെ.പിയും കോൺഗ്രസും കൈകോർത്തുവെന്നും കെ.കെ. രാഗേഷ് ആരോപിച്ചിരുന്നു.
സി.പി.എം തെറ്റുതിരുത്താൻ തയാറല്ലെന്നതിന്റെ തെളിവാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷിന്റെ പ്രസ്താവനയെന്നാണ് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ പ്രതികരണം. ഈ പ്രസ്താവനയെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുകൂലിച്ചത് തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ല എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ അത്യന്തം അപകടകരവുമാണ്. ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർ.എസ്.എസ് നേതാക്കൾ മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവമായി കാണേണ്ടതുണ്ടെന്നും കുഞ്ഞികൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

