പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ
text_fieldsപെരിന്തൽമണ്ണ: പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിച്ചയച്ച അസം സ്വദേശിനി ഗർഭഛിദ്രത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. സ്വാഭാവിക ഗർഭഛിദ്രം നടന്നതിനാൽ 16കാരിയെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴിയെടുത്തു. ശൈശവ വിവാഹ നിരോധനം, പോക്സോ എന്നിവ പ്രകാരം മങ്കട പൊലീസ് കേസെടുത്തു. പത്തുമാസം മുമ്പ് അസമിൽ വിവാഹിതയായ പെൺകുട്ടി, ഫാമിൽ ജോലി ചെയ്തിരുന്ന ഭർത്താവിനൊപ്പം േനരത്തെ ആലപ്പുഴയിലായിരുന്നു. ഇപ്പോൾ മങ്കടയിലാണ് താമസം.
ആലപ്പുഴയിലുള്ള ഭർത്താവിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ആശുപത്രിയിൽ ബന്ധുവാണ് കൂടെയുള്ളത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം ചൈൽഡ് ലൈൻ വളൻറിയർമാരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നാല് ദിവസം മുമ്പാണ് പെൺകുട്ടിയെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്.

