16കാരി പീഡനത്തിനിരയായത് ആറുമാസത്തോളം; പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ നിലവിൽ കേസിൽ പ്രതിയാക്കിയിട്ടില്ല
text_fieldsതിരുവനന്തപുരം: ആന്ധ്ര സ്വദേശിനിയായ 16കാരി ലൈംഗിക പീഡനത്തിനിരയായത് തുടർച്ചയായ ആറുമാസത്തോളം. ഏപ്രിൽ 26നാണ് ഇളയമ്മയും ഭർത്താവും ചേർന്ന് ചെന്നൈ ചെങ്കൽപേട്ട ഗുഡുവാഞ്ചേരി സ്റ്റേഷൻ പരിധിയിലെ സ്പായിലെത്തിച്ചത്. അവിടെ തൂപ്പുകാരിയായി ഇളയമ്മയും ജോലിചെയ്തു. അന്നുമുതൽ പെൺകുട്ടി ഇടവേളയില്ലാതെ പീഡനത്തിന് ഇരയായി.
നേരത്തെ ബംഗളൂരുവിൽ കൊണ്ടുപോയെങ്കിലും അവിടെ പീഡനത്തിനിരയായതായി മൊഴിയിലില്ല. ചെന്നൈയിലെ സ്പായിലായിരിക്കുമ്പോഴാണ് കോവളത്തെ ആയുർ കേരള സ്പാ ഉടമ സജിത്തിനെ ഇളയമ്മ പരിചയപ്പെടുന്നത്. തുടർന്ന് ജൂലൈ അവസാനം സജിത്തിന്റെ കോവളത്തെ സ്പായിൽ കുട്ടിയെ എത്തിച്ചു. രണ്ടുമാസമാണ് ഇവിടെയുണ്ടായിരുന്നത്. തുടർന്ന് വിഴിഞ്ഞം ചപ്പാത്തിലെ ഡ്രീംസ് സ്പായിലെത്തിച്ചു. നാലു ദിവസമേ അവിടെയുണ്ടായിരുന്നുള്ളൂ. ഇവിടെനിന്ന് പെൺകുട്ടി സ്പായിലെ ജീവനക്കാരനുമായി രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് വിവരം.
പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ നിലവിൽ കേസിൽ പ്രതിയാക്കിയിട്ടില്ല. ചെന്നൈയിൽ പീഡനത്തിനിരയായെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് കോവളം പൊലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഗുഡുവാഞ്ചേരി സ്റ്റേഷനിലേക്കയച്ചിട്ടുണ്ട്. ഷെൽറ്റർ ഹോമിൽ കഴിയുന്ന കുട്ടിക്കൊപ്പം മുഴുവൻ സമയ കൗൺസലറെ നിയമിച്ചിട്ടുണ്ട്.
ദക്ഷിണമേഖല ഐ.ജി ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി പ്രദീപ്, കോവളം സി.ഐ ശ്രീകുമാർ, സൈബർ സെൽ, നാർകോട്ടിക് സെൽ, വനിത പൊലീസ് ഉൾപ്പെടെ ഒമ്പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ അന്വേഷണസംഘത്തെ വിപുലപ്പെടുത്തും. കുട്ടിയുടെ ഇളയമ്മയും ഭർത്താവുമാണ് ഒന്നും രണ്ടും പ്രതികൾ. ഒളിവിലായിരുന്ന ഇവരെ ആന്ധ്ര സത്യസായി ജില്ലയിലെ ബാലസമുദ്രത്തിൽനിന്നാണ് ആന്ധ്ര പൊലീസിന്റെ സഹകരണത്തോടെ കോവളം പൊലീസ് പിടികൂടിയത്.
ഇവരെ കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, കോവളത്തെ ‘ആയുർ കേരള സ്പാ’ ഉടമ ആലപ്പുഴ നൂറനാട് നടുവിലെമുറി നയന വീട്ടിൽ സജിത്ത് കുമാർ (47), ഡ്രീംസ് സ്പാ ഉടമ പൂവാർ ആശുപത്രി ജങ്ഷൻ സാഫല്യം വീട്ടിൽ എം.എസ്. നിഷാന്ത് (46) എന്നിവരും അറസ്റ്റിലായി. ഇടപാടുകാരുടെയും പണമിടപാടുകളുടെയും വിവരങ്ങളും സ്പാകളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ
തിരുവനന്തപുരം: സ്പായിൽ 16കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ.
അനുരൂപ്
ഉള്ളൂർ സോണൽ ഓഫിസിലെ ഹെൽത്ത് ഇൻസ്പെക്ടറായ ഇയാളാണ് ഡ്രീംസ് സ്പാ ഉടമസ്ഥൻ. നിഷാന്തിനെ ബിനാമിയാക്കിയാണ് സ്പാ നടത്തുന്നത്. അനുരൂപുമായി പൊലീസ് സ്പായിൽ തെളിവെടുപ്പ് നടത്തി. ക്രിമിനൽ കേസിൽ പ്രതിയായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. സർവിസിൽനിന്ന് പിരിച്ചുവിടാനും നീക്കം തുടങ്ങി. ഇയാൾക്കെതിരെ നേരത്തെ കൈക്കൂലി ആരോപണമുണ്ടായിരുന്നു. അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. ഇതിലേക്ക് സ്പായിൽനിന്ന് വൻ തുക വന്നിട്ടുണ്ട്. പല സ്പാകളുടെയും നടത്തിപ്പില് ഇയാൾക്ക് പങ്കാളിത്തമുണ്ടെന്നാണ് നിഗമനം.

