മിനിസ്ട്രി ഓഫ് ടോളറൻസും ജാതി സെൻസസും യാഥാർഥ്യമാക്കണം -കെ.എൻ.എം മർകസുദ്ദഅവ
text_fieldsകെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുന്നു
കൊടുങ്ങല്ലൂർ (തൃശൂർ): യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ മിനിസ്ട്രി ഓഫ് ടോളറൻസ് യാഥാർഥ്യമാക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമുദായങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുള്ള പോർവിളികളും വിദ്വേഷ പ്രചാരണവും വേരറുക്കണം. മുസ്‍ലിംകൾ അനർഹമായി പലതും നേടിയെടുത്തെന്ന ദുഷ് പ്രചാരണത്തിലൂടെ വെറുപ്പുൽപാദിക്കുന്നതിന് തടയിടാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കണം. ഉദ്യോഗ വിദ്യാഭ്യാസ സ്ഥാപന രംഗങ്ങളിൽ ജാതി തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വന്നാൽ മുസ്‍ലിംകൾക്കെതിരിലുള്ള വിദ്വേഷ പ്രചാരണത്തിന് അറുതി വരുത്താൻ കഴിയും.
സച്ചാർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗ-വിദ്യാഭ്യാസ മേഖലയിൽ അവഗണന നേരിടുന്ന മുസ്‍ലിം ജനവിഭാഗത്തിന്റെ സമുദ്ധാരണത്തിന് വേണ്ടി നടപ്പാക്കിയ വിദ്യാഭ്യാസ സ്കോളർഷിപ് ക്ഷേമ പദ്ധതികൾ നിർത്തലാക്കിയത് പുനഃസ്ഥാപിക്കുക, സംസ്ഥാനത്തെ സർവിസ് മേഖലയിലും സർവകലാശാലകളിലും സംവരണ മാനദണഡങ്ങൾ ലംഘിച്ച് കഴിഞ്ഞ സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും റദ്ദാക്കുക, മലബാറിൽ ജനസംഖ്യാനുപാതമായി സർക്കാർ, എയ്ഡഡ് മേഖലയിൽ കൂടുതൽ സ്കൂളുകളും കോളജുകളും ന്യൂജെൻ കോഴ്സുകളും അനുവദിക്കുക, പൗരത്വ സമരകാലത്ത് സമരക്കാർക്ക് നേരെ അന്യായമായി ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ‘ഓപറേഷൻ തൂഫാൻ’ ലക്ഷ്യത്തിലെത്തിക്കാൻ മഹല്ല് തലത്തിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കുന്നംകുളം അധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി, കെ.എൽ.പി. യൂസുഫ്, പ്രഫ. കെ.പി. സകരിയ്യ, എൻ.എം. ജലീൽ, ഡോ. ജാബിർ അമാനി, കെ.എം. കുഞ്ഞമ്മദ് മദനി, സൽമ അൻവാരിയ്യ, ഫഹീം പുളിക്കൽ, സാബിഖ് മാഞ്ഞാലി, കെ.എൻ. സുലൈമാൻ, പി.പി. ഖാലിദ്, ഡോ. അനസ് കടലുണ്ടി, ബി.പി.എ. ഗഫൂർ, സലീം കരുനാഗപ്പള്ളി, കെ.പി. അബ്ദുറഹ്മാൻ, എം.ടി. മനാഫ് സുല്ലമി, ഇ.ഐ. സിറാജ് മാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

