മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
text_fieldsപിണറായി വിജയൻ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഈ മാസം 16 മുതല്‍ നവംബര്‍ ഒമ്പത് വരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
16ന് ബഹ്‌റൈന്‍, 17ന് സൗദിയിലെ ദമ്മാം, 18ന് ജിദ്ദ, 19ന് റിയാദ്, 24നും 25നും മസ്‌ക്കത്ത്, 30ന് ഖത്തർ നവംബർ ഏഴിന് കുവൈത്ത്, ഒമ്പതിന് അബുദാബി എന്നിങ്ങനെയായിരുന്നു പര്യടനം തീരുമാനിച്ചിരുന്നത്. ഗൾഫ് യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കിട്ടുമോ എന്ന് നോക്കാമല്ലോ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
അനുമതി എന്തുകൊണ്ട് നൽകിയില്ല എന്ന് അവർ തന്നെയാണ് വ്യക്തമാക്കേണ്ടത്. എപ്പോഴും ശുഭപ്രതീക്ഷയല്ലേ വെക്കേണ്ടതെന്നും പിണറായി കൂട്ടിച്ചേർത്തു.വിദേശ യാത്രക്ക് അനുമതി നൽകാത്തതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് നിവേദനമായി കൊടുത്തില്ലെന്നായിരുന്നു മറുപടി.
കേരളത്തിന്റെ തീരസുരക്ഷക്ക് ഇന്ത്യ റിസര്‍വ് ബറ്റാലിയൻ
കേരളത്തിന്‍റെ തീരദേശ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൂര്‍ണമായും കേന്ദ്ര സാമ്പത്തിക പിന്തുണയോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍റെ ഒരു പ്രത്യേക യൂനിറ്റ് അനുവദിക്കും എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് കേരളത്തില്‍ ഒരു മറൈന്‍ പൊലീസ് ബറ്റാലിയനായും പ്രവര്‍ത്തിക്കാന്‍ കഴിയും.
സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും കേരളത്തിലെ സൈബര്‍ ക്രൈം നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സാമ്പത്തിക സഹായമായി 108 കോടി രൂപയും അനുവദിക്കും. ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയുടെ ഒരു പ്രാദേശിക കാമ്പസ് അനുവദിക്കുന്ന കാര്യവും അമിത് ഷാ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

