വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്; പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു
text_fieldsകൽപ്പറ്റ: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന പാതയാണിത്. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. 2134 കോടി രൂപയാണ് പദ്ധതി ചെലവ്.
മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിക്ക് അനുമതി നൽകി.
ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനക്ക് വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും എന്ന് ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
ഭോപ്പാൽ ആസ്‌ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്‌ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുരങ്കപാതയുടെ വരവോടെ വടക്കൻ കേരളവും കർണാടകയും തമ്മിലുള്ള റോഡ് ബന്ധം ഇതിലൂടെ മെച്ചപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

