സഹകരണ മന്ത്രാലയം; കേന്ദ്ര നടപടിക്കെതിരെ കേരളം രംഗത്ത്
text_fieldsതിരുവനന്തപുരം: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സർക്കാറിന്‍റെ നടപടിക്കെതിരെ കേരളം രംഗത്ത്. മന്ത്രി വി.എൻ വാസവൻ കേന്ദ്ര നിലപാടിനെ വിമർശിച്ച് രംഗത്തെത്തി. മന്ത്രി സഭാപുനസംഘടനയിലാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിൽ സഹകരണ മന്ത്രാലയം രൂപീകരിച്ചത്.
പല വിഷയങ്ങളിലെന്ന പോലെ സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള കടന്ന് കയറ്റമായാണ് സംസ്ഥാനം ഇതിനെ നോക്കി കാണുന്നത്. ഫെഡറൽ സംവിധാനത്തിനെതിരായിട്ടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ബാങ്കിങ് മേഖലയിൽ ഭേദഗതി വരുത്താനുള്ള അധികാരം കേന്ദ്രസർക്കാറിനാണുള്ളത്. എന്നാൽ സഹകരണം എന്നത് സംസ്ഥാന പരിധിയിലുള്ളതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സഹകരണ രംഗത്ത് കേന്ദ്രം ഇങ്ങനെയൊരു കടന്ന് കയറ്റം നടത്തുന്നത് ശരിയല്ല. സംസ്ഥാനങ്ങളുമായി ഒരു കൂടിയാലോചന എങ്കിലും നടത്തേണ്ട കാര്യമായിരുന്നു ഇത്. എന്തായാലും നിലവിൽ കേന്ദ്രത്തിന് ഇടപെട്ട് അതിലൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്‍റെ പ്രവർത്തന രീതി നോക്കിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ മോദിസർക്കാർ ലക്ഷ്യമിടുന്നത് കേരളത്തെയാണെന്ന് ഇടത് കേന്ദ്രങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടി രൂപയുടെ സഹകരണ നിക്ഷേപമാണ് ഉന്നം. ജനാധിപത്യത്തെ മറികടന്നാണ് സംസ്ഥാനങ്ങളുടെ അവകാശത്തിലേക്ക് കേന്ദ്രം കടന്നുകയറുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഗുജറാത്തിലെ സഹകരണ ബാങ്കുകൾ കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത് അമിത് ഷായുടെ നേതൃത്വത്തിലായിരുന്നുവെന്ന് മുൻ മന്ത്രി തോമസ് ഐസക് നേരത്തെ പ്രതികരിച്ചിരുന്നു. ധവള വിപ്ലവത്തിന്‍റെ പിതാവ് വർഗീസ് കുര്യനെ പാൽ സഹകരണമേഖലയിൽനിന്ന് പുകച്ച് പുറത്തുചാടിച്ചതും ബി.ജെ.പി യാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

