എം.എസ്.സി എൽസ കപ്പലിലെ എണ്ണച്ചോർച്ച തടഞ്ഞില്ല, 48 മണിക്കൂറിനുള്ളിൽ നടപടി വേണം; അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം
text_fieldsന്യൂഡൽഹി: കൊച്ചി തീരത്ത് എം.എസ്.സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽപെട്ട് കടലിൽ മുങ്ങിയ സംഭവത്തിൽ അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. 48 മണിക്കൂറിനുള്ളിൽ എണ്ണച്ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണമെന്നും ഇല്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും എം.എസ്.സി കമ്പനിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
അപകടം നടന്ന മേയ് 24ന് തന്നെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കപ്പൽ കമ്പനിയെ സമീപിച്ചു. ഈ കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയ കപ്പൽ കമ്പനി നടപടിക്രമങ്ങൾ പാലിച്ചില്ല. ഇത് ഇന്ത്യൻ തീരത്തിനും അവാസവ്യവസ്ഥക്കും കനത്ത അപായ സാധ്യതക്ക് ഇടയാക്കി. കേരള തീരത്തെ സാരമായി ബാധിച്ചു. അതിനാൽ കപ്പൽ കമ്പനിക്കെതിരെ ക്രിമിനൽ നടപടിയിലേക്ക് കടക്കുകയാണ്. മർച്ചന്‍റ് ഷിപ്പിങ് ആക്ട്, എൻവയോൻമെന്‍റ് ആക്ട്, ഭാരതീയ ന്യായ സംഹിത, ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്ട് എന്നിവ പ്രകാരം കപ്പൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ നിർബന്ധിതരാവുകയാണ്.
അപകടം നടന്ന മേയ് 24ന് തന്നെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഷിപ്പിങ് ഡി.ജി കപ്പൽ കമ്പനിക്ക് നിർദേശം നൽകി. എന്നാൽ, ആറു ദിവസം കഴിഞ്ഞാണ് ഡൈവിങ് സപ്പോർട്ട് വെസൽ എം.എസ്.സി എൽസ 3 കപ്പലിന് സമീപം എത്തിയത്. ആറു ദിവസത്തെ കാലതാമസം അവശിഷ്ട നീക്കത്തെ സാരമായി ബാധിച്ചു. ജൂൺ ഒന്നിനാണ് ഡഗ്ഗുകൾ എത്തിക്കുന്നത്. ഇന്ധന ചോർച്ച തടയുന്നതിനുള്ള നടപടിക്രമങ്ങൾ ജൂൺ അഞ്ചിന് തുടങ്ങണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇന്നുവരെ ഇന്ധനം നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
എം.എസ്.സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽപെട്ട് കടലിൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കേസിൽ കപ്പൽ കമ്പനി ഉടമ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ നാവികരും ജീവനക്കാരും മൂന്നാം പ്രതിയുമാണ്. മത്സ്യത്തൊഴിലാളിയായ ആലപ്പുഴ നീർക്കുന്നം തെക്കുംമുറിയിൽ സി. ഷാജിയുടെ പരാതിയെതുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 3(5) ഒഴികെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.
മേയ് 24നാണ് കൊച്ചിക്ക് പടിഞ്ഞാറ് കപ്പൽ മുങ്ങിയത്. സംഭവത്തിൽ കേസ് എടുക്കേണ്ടെന്നും നഷ്ടപരിഹാരത്തിന് ഊന്നൽ നൽകണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പ് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളതീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയുണ്ടാകുന്ന സംഭവങ്ങളിൽ മാത്രമേ കേസെടുക്കാൻ അധികാരമുള്ളൂ എന്നായിരുന്നു സർക്കാർ വിലയിരുത്തൽ. 200 നോട്ടിക്കൽ മൈൽ വരെയുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാൻ തീര സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്ര വിജ്ഞാപനം ഉണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും വാദങ്ങളുണ്ടായിരുന്നു. കേരളത്തിൽ ഇങ്ങനെ കേസെടുക്കാൻ അധികാരമുള്ളത് ഫോർട്ട്കൊച്ചി തീരദേശ പൊലീസിനാണ്.
കുറ്റങ്ങൾ:
- മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ അപകടമുണ്ടാക്കുന്നതോ മുറിവേൽപിക്കുന്നതോ ആയ വിധത്തിൽ അശ്രദ്ധയോടെ കപ്പൽ കൈകാര്യം ചെയ്യുക.
- സഞ്ചാരപാതയിൽ അപകടമുണ്ടാക്കുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുക.
- മനുഷ്യജീവന് ഹാനികരമായവിധം അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുക.
- തീയോ കത്തുന്ന വസ്തുക്കളോ അശ്രദ്ധമായി കൈകാര്യം ചെയ്യുക.
- അപകടകരമായ വസ്തുക്കൾ മനുഷ്യജീവന് അപകടമുണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാതിരിക്കുക.
- കൂട്ടായ ക്രിമിനൽ കുറ്റകൃത്യം.
മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധം ഉദാസീനമായി കപ്പൽ കൈകാര്യം ചെയ്തു. വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും കടലിൽ വീണത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കി. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകാൻ ഇടയായി. കപ്പൽ ചാലിലും സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളുടെ പൊതുസഞ്ചാരത്തിന് മാർഗതടസ്സമുണ്ടായെന്നും എഫ്.ഐ.ആർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

