നവകേരള സദസ്സ്: സെൽഫിയെടുത്തും തട്ടുകടയിൽ കയറിയും മന്ത്രിമാർ
text_fieldsമന്ത്രിമാരായ രാജീവും രാജേഷും കവ്വായിയിലെ ചായക്കടയിൽ (മന്ത്രി രാജീവ് ഫേസ് ബുക്കിൽ പങ്കുവെച്ച ചിത്രം)
പയ്യന്നൂർ: വ്യായാമത്തിനിടയിൽ സെൽഫിക്ക് നിന്നു കൊടുത്ത് മന്ത്രി മുഹമ്മദ് റിയാസ്. നടത്തത്തിനിടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ച് മന്ത്രിമാരായ രാജീവും രാജേഷും രാജനും. പയ്യന്നൂരിന്റെ പ്രഭാതത്തെ ആഘോഷമാക്കി മന്ത്രിമാർ. നവകേരള സദസ്സിന്റെ ഭാഗമായി പയ്യന്നൂരിലെത്തിയ മിക്ക മന്ത്രിമാരും പ്രഭാത കാഴ്ചകളിൽ സജീവമായി. ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രത്യേകതകളുള്ള പയ്യന്നൂരിനെ അടുത്തറിയാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു കേരളത്തിന്റെ ഭരണ കർത്താക്കൾ.
കവ്വായി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനുമാണ് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും കെ. രാജനും പ്രഭാതസവാരി കവ്വായിയിലേക്ക് മാറ്റിയത്. വ്യായാമത്തോടൊപ്പം കായൽ സൗന്ദര്യമാസ്വദിച്ച അവർ തട്ടുകടയിൽ കയറി ചായ കുടിക്കാനും മറന്നില്ല. മന്ത്രി റിയാസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പ്രഭാതസവാരിക്കെത്തിയത്. ഇവിടെ വെച്ചാണ് രാവിലെ ഗ്രൗണ്ടിലെത്തിയവരുമായി സെൽഫിയെടുക്കുകയും അത് സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയും ചെയ്തത്. രാവിലെ ഗവ. താലൂക്ക് ആശുപത്രിയുടെ പടമാണ് മന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്.