നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് നിർദേശം; രണ്ട് മാസത്തിനകം പദ്ധതികളെല്ലാം പൂർത്തിയാക്കണം
text_fieldsതിരുവനന്തപുരം: പദ്ധതികളും പരിപാടികളും രണ്ട് മാസത്തിനകം പൂർത്തിയാക്കി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ മന്ത്രിസഭാ യോഗത്തിൽ പൊതുനിർദേശം. പാതിവഴിയിൽ നിൽക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പരിപാടികൾ ഈ സമയത്തിനകം തീർക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വരാനിടയുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടി മന്ത്രിസഭയിൽ ചർച്ചയായില്ല. സർക്കാറിനെതിരെ തിരിയുന്ന ഐ.എ.എസുകാർക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ഉദ്യോഗസ്ഥർ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം. ചിലർ സർക്കാരിനെതിരെ കോടതിയെ സമീപിക്കുമ്പോൾ മറ്റുചിലർ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുന്നതായി മന്ത്രിമാർ കുറ്റപ്പെടുത്തി. ഒരു മന്ത്രി തുടങ്ങിവെച്ച വിമർശനം മറ്റ് മന്ത്രിമാരും ഏറ്റുപിടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായി ഐ.എം.ജി ഡയറക്ടർ കെ. ജയകുമാറിനെ നിയമിച്ചതിനെതിരെ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു.
സസ്പെൻഷനിലുള്ള എൻ. പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെയും സർക്കാർ നടപടികൾക്കെതിരെയും നിരന്തരം കുറിപ്പുകളിടുന്ന പശ്ചാത്തലത്തിലാണ് വിമർശനം.
പരാതിയുണ്ട്; അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സ്ഥാനാർഥികളെ സി.പി.എം കാലുവാരിയെന്ന പരാതിയുണ്ടെന്നും എൽ.ഡി.എഫിൽ ഇക്കാര്യം ഉന്നയിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലുവാരിയെന്ന പരാതി കോഴിക്കോട്ടെ പ്രവർത്തകർക്കുണ്ട്, പാർട്ടിക്കുണ്ട്. അഴിയൂരിലും വയനാട്ടിലും മറ്റ് ചില ജില്ലകളിലും പരാതിയുണ്ട്. അർഹമായ പരിഗണന കിട്ടിയില്ല എന്നു പറയുന്നതിനർഥം മുന്നണി മാറുന്നു എന്നല്ല. മുന്നണിമാറ്റം സംബന്ധിച്ച ചർച്ച എവിടെയും നടത്തിയിട്ടില്ല.
സ്വർണപ്പാളി കേസിൽ പ്രതിയായവർക്കെതിരെ സ്വാഭാവികമായും നടപടിയെടുക്കേണ്ടതായിരുന്നു. അത് അവരുടെ പാർട്ടി തീരുമാനിക്കേണ്ടതാണ് -ശ്രേയാംസ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

