സ്വർണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടു പോയത് അറിഞ്ഞില്ലെന്ന് മന്ത്രി വി.എൻ. വാസവൻ; ‘ശബരിമലയിലെ ദൈനംദിന കാര്യങ്ങളൊന്നും മന്ത്രി അറിയേണ്ടതില്ല’
text_fieldsതിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയ പാളികൾ കഴിഞ്ഞ വർഷം ദേവസ്വം ബോർഡിന്റെ അനുമതിയോടെ വീണ്ടും ഇളക്കിയെടുത്ത് സ്വർണം പൂശാനായി ചെന്നൈയിലേക്കു കൊണ്ടുപോയത് താൻ അറിഞ്ഞിരുന്നില്ലെന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ. 2019ൽ നടന്ന സ്വർണക്കൊള്ള മറക്കാനാണ് 2025ലും പാളികൾ കേരളത്തിനു പുറത്തേക്കു കൊണ്ടുപോയതെന്ന ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
ശബരിമലയിലെ ദൈനംദിന കാര്യങ്ങളൊന്നും ദേവസ്വം മന്ത്രി അറിയേണ്ടതില്ല. മന്ത്രി ഇടപെടാറുമില്ല. കഴിഞ്ഞ സർക്കാരിലെ ദേവസ്വം മന്ത്രിയും ഇതു തന്നെയാണ് പറഞ്ഞതെന്നും വാസവൻ ചൂണ്ടിക്കാട്ടി. മുൻ ദേവസ്വം മന്ത്രിയെ ചോദ്യംചെയ്തതിലൊന്നും ആരും എതിര് പറഞ്ഞിട്ടില്ല. ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കാൻ എസ്.ഐ.ടി രൂപീകരിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത് സർക്കാരാണ്.
അവരുടെ അന്വേഷണത്തിൽ ഏറ്റവും ഒടുവിലെ വിധിയിലും കോടതി പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആരുടെയും സമ്മർദ്ദത്തിന് അന്വേഷണ സംഘം വഴങ്ങരുതെന്നാണ് കോടതി നിർദേശം. സർക്കാർ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ലെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരായ നടപടി സംബന്ധിച്ച് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്. താൻ പറയുന്നത് സർക്കാറിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

