അടുത്ത വർഷം പത്താംക്ലാസ് സിലബസ് 25 ശതമാനം കുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
text_fieldsകൊല്ലം: അടുത്ത വർഷം പത്താംക്ലാസിലെ സിലബസ് 25 ശതമാനം കുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അതിനാൽ പഠനഭാരം കുറക്കാനാണ് 25 ശതമാനം സിലബസ് കുറക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.
തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി. ശിവൻകുട്ടി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് കുട്ടികൾ പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ അടുത്തെത്തുകയും പഠനഭാരമുണ്ടെന്ന് പരാതിപ്പെടുകയുമായിരുന്നു.
പഠന ഭാരം കൂടുതല്‍ എന്നത് പൊതുവേയുള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസില്‍ 25 ശതമാനം കുറക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാകില്ല. എന്നാല്‍ സിലബസിന്റെ വലിപ്പം കുറയുമെന്നും മന്ത്രി പറഞ്ഞു.
വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമിക്കാത്തവർ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുന്‍റെ കുടുംബത്തിന് വീട് വെച്ചു നൽകിയതെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ മിഥുന്റെ മാതാപിതാക്കൾക്ക് താക്കോൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

