സതീശൻ നേമത്ത് മത്സരിക്കുമോ? ബി.ജെ.പിക്കെതിരെ പോരാടുന്ന ആളല്ലേ -പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബജറ്റ് വിമർശനത്തിന് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് എതിരെയാണ് മന്ത്രി രംഗത്തുവന്നത്. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്തയാളാണ് പ്രതിപക്ഷ നേതാവ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
പൂച്ചയെ പോലും പ്രസവിക്കാൻ സമ്മതിക്കില്ല. പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ. ബജറ്റിനെ ഇങ്ങനെയാണോ അധിക്ഷേപിക്കേണ്ടത്? ഇതാണ് അയാളുടെ നിലവാരം. ബജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് അസ്വസ്ഥനായിരുന്നു. പ്രതിപക്ഷത്തിന്റെ കാറിന് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്തെങ്കിലും അലവൻസ് മുടങ്ങിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
സതീശന് നേമത്ത് മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും മന്ത്രി വെല്ലുവിളിച്ചു. ബി.ജെ.പിക്കെതിരെ വലിയ പോരാട്ടത്തിലാണെങ്കിൽ സതീശൻ നേമത്ത് മികച്ച മത്സരം കാഴ്ചവെക്കട്ടെ. എന്നെ സംഘിക്കുട്ടി എന്നാണ് വിളിച്ച് അധിക്ഷേപിച്ചത്. ആർ.എസ്.എസിനെതിരെ പോരാടി നിന്നയാളാണ് ഞാൻ. എന്നാൽ വി.ഡി. സതീശൻ അങ്ങനെയാണോ എന്നും ശിവൻകുട്ടി ചോദിച്ചു.
പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളൂ. ഞങ്ങൾ അവതരിപ്പിച്ച ബജറ്റ് ഞങ്ങൾ തന്നെ നടപ്പിലാക്കിക്കോളാം. മുഖ്യമന്ത്രിയാവാൻ കോൺഗ്രസിൽ നാലുപേർ ട്രെയിനിങ്ങിലാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇന്ന് കെ. സുധാകരനും മുഖ്യമന്ത്രിയാകാൻ രംഗത്തുവന്നു. പ്രതിപക്ഷ നേതാവിന്റെ പ്രതിഛായ ഓരോ ദിവസം കൂടുംതോറും ഇടിയുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

