‘ഞാനും ബിനോയ് വിശ്വവും കമ്യൂണിസ്റ്റുകാർ, അഭിപ്രായം മാനിക്കുന്നു’; പി.എം ശ്രീയിൽ പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി
text_fieldsബിനോയ് വിശ്വം, വി. ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കടുത്ത നിലപാട് ആവർത്തിക്കുമ്പോഴും അധിക പ്രതികരണങ്ങൾക്ക് മുതിരാതെ മന്ത്രി വി. ശിവൻകുട്ടി. കമ്യൂണിസ്റ്റ് സർക്കാറിന് ഇത്തരമൊരു കരാർ ഒപ്പിടാനാവില്ലെന്ന ബിനോയ് വിശ്വത്തിന്‍റെ പ്രതികരണത്തോട് താനും ബിനോയ് വിശ്വവും എല്ലാം കമ്യൂണിസ്റ്റുകാരാണെന്നും അഭിപ്രായം മാനിക്കുന്നുവെന്നുമായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
സി.പി.എമ്മിനും കരാർ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞതിനെ കുറിച്ച് ആരാഞ്ഞപ്പോൾ ‘അങ്ങനെ അദ്ദേഹം പറഞ്ഞതായി താൻ കേട്ടിട്ടില്ല’ എന്നായി മന്ത്രി. വളരെ ഐക്യത്തോടെ തന്നെ സി.പി.ഐയും സി.പി.എമ്മും മുന്നോട്ടുപോകും. ഒപ്പിടുമോ എന്ന ചോദ്യത്തിന് ആ സമയത്ത് പറയാമെന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി. നവംബർ ഒന്നിന് നടക്കുന്ന അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാൻ പി.ആർ ചേംബറിൽ വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു പരാമർശങ്ങൾ.
നവംബർ ഒന്നിന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളന അജണ്ടയെക്കുറിച്ച ചോദ്യത്തിൽ നിന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പാർലമെന്‍ററി കാര്യ മന്ത്രി എം.ബി. രാജേഷ് ഒഴിഞ്ഞുമാറി. ‘അജണ്ടയിൽ രഹസ്യാത്മകതയില്ല. അജണ്ട യഥാസമയം പുറത്തുവിടും. ഒരു ഡസൻ തവണയെങ്കിലും ഇതിന് മുമ്പ് ശനിയാഴ്ച സഭ ചേർന്നിട്ടുണ്ട്. സമ്മേളനത്തിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാംക്ഷ നിലനിൽക്കുന്ന സാഹചര്യത്തിൽ ആകാംക്ഷ കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

