'എം.എൽ.എയായ ഒരാളെ എന്ത് പറഞ്ഞ് വേദിയിൽ നിന്ന് ഇറക്കിവിടും?' രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിനെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ചർച്ചയായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇത് ജനാധിപത്യ മര്യാദയുടെ ഒരു പ്രശ്‌നമാണ്, എം.എൽ.എയായ ഒരാളെ എന്ത് ന്യായം പറഞ്ഞ് ഇറക്കിവിടും എന്ന് വി. ശിവന്‍കുട്ടി ചോദിച്ചു. അങ്ങനൊരാള്‍ വേദിയില്‍ വന്നാല്‍ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'എം.എൽ.എയായ ഒരാളെ എന്ത് ന്യായത്തില്‍ ഇറക്കിവിടും. അല്ലെങ്കില്‍ ഞങ്ങള്‍ ഇറങ്ങിപ്പോകണം. വിയോജിപ്പുള്ള കാര്യമുണ്ട്. ഞങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നമ്മുടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. വികസന പ്രവര്‍ത്തനം നടത്തുന്നതിന് അദ്ദേഹം വരുന്നതില്‍ നിന്നും തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നല്ല കാര്യമാണല്ലോ അവിടെ നടക്കുന്നത്. അവിടെ ഒരു അലങ്കോലം ഉണ്ടാക്കണ്ടല്ലോ', മന്ത്രി പറഞ്ഞു.
'ഇത് ജനാധിപത്യ മര്യാദയുടെ ഒരു പ്രശ്‌നമാണ്. രാഹുല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ്. അയാള്‍ അയോഗ്യനല്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. അത് ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രം കാണിക്കാന്‍ പറ്റുന്ന മര്യാദയാണ്', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ പങ്കെടുത്തത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ശിവന്‍കുട്ടിയും മന്ത്രി എം.ബി രാജേഷും വേദിയിലുണ്ടായിരുന്നപ്പോഴാണ് രാഹുല്‍ വേദിയിലെത്തിയത്. തുടര്‍ന്ന് വി ശിവന്‍കുട്ടിയുമായി സംസാരിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത്.
അതേസമയം, രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍ വേദി വിട്ടിറങ്ങിയിരുന്നു. പാലക്കാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധനായ എം.എല്‍.എക്കൊപ്പം വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

