'എന്തേ വന്നില്ല എന്ന് ഓർത്തേ ഉള്ളൂ, അപ്പോഴേക്കും വന്നു, വിസ്ഡം ഇല്ലാത്ത കൂട്ടരും വിചാരം ഇല്ലാത്ത കേന്ദ്രവും'; വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയ സംഘടനകളെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'വിസ്ഡം ഇല്ലാത്ത കൂട്ടരും വിചാരം ഇല്ലാത്ത കേന്ദ്രവും' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. സൂംബക്കെതിരെ വിസ്ഡം ഇസ്ലാമിക് മൂവ്മെന്‍റ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഭാരതീയ വിചാര കേന്ദ്രവും സൂംബക്കെതിരെ പ്രസ്താവനയിറക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശനം.
'വിസ്ഡം ഇല്ലാത്ത കൂട്ടരും വിചാരം ഇല്ലാത്ത കേന്ദ്രവും', എന്തേ വന്നില്ല എന്ന് ഓർത്തേ ഉള്ളൂ, അപ്പോഴേക്കും വന്നു... കുട്ടികൾ സൂംബ കളിക്കട്ടെ... ആരോഗ്യമുള്ളവരായി വളരട്ടെ... -മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ലഹരിക്കെതിരെ എന്ന പേരിൽ സൂംബ നൃത്തം വിദ്യാർഥികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞത്. സൂംബ ഈ നാടിന്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നു കയറ്റവും അധിനിവേശവുമാണ്. കലാ കായികരംഗത്തെ പുഷ്ടിപ്പെടുത്താനോ സംരക്ഷിക്കാനോ പരിശ്രമിക്കാത്ത സർക്കാർ, സൂംബ പോലുള്ള വിദേശ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ തത്പരകക്ഷികളുടെ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൂംബ ഡാൻസ് കളിക്കണമെന്ന നിർദേശം പാലിക്കാൻ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്നും നേരത്തെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണ്. പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സൂംബയും എയ്റോബിക്സും പതിവാക്കാൻ സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. എല്ലാ കുട്ടികൾക്കും പങ്കാളിത്തമുറപ്പാക്കി പൊതുപരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് മാർഗരേഖ പറയുന്നു. എയ്റോബിക് പരിശീലനം, ആരോഗ്യബോധവത്കരണ പരിപാടികൾ, ചടുല ചലനങ്ങളുള്ള കലാരൂപങ്ങളുടെ പരിശീലനം, സൈക്ലിങ് പരിശീലനം, ഓരോ നാട്ടിലെയും തനത് കായിക രൂപങ്ങളെ പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

